| Wednesday, 3rd January 2018, 8:54 am

രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന പിരിക്കലിന് നിയന്ത്രണം; സംഭാവനകള്‍ ഇനി ഇലക്ടറല്‍ ബോണ്ട് വഴി മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രീയപ്പാര്‍ട്ടികള്‍ അനധികൃതമായി സംഭാവന സ്വീകരിക്കുന്നതിനെതിരെ പുതിയ നിയമനിര്‍മ്മാണവുമായി കേന്ദ്രസര്‍ക്കാര്‍. കണക്കില്‍പ്പെടാതെ സംഭാവനകള്‍ സ്വീകരിക്കുന്ന രീതിക്ക് തടയിടുന്ന സംവിധാനമായ ഇലക്ടറല്‍ ബോണ്ട് സംവിധാനം ഒരുങ്ങിക്കഴിഞ്ഞതായി ധനമന്ത്രി അരുണ്‍ ജെയ്റ്റലി മാധ്യമങ്ങളെ അറിയിച്ചു.

രാജ്യത്തെ എസ്.ബി.ഐ ബാങ്കുകള്‍ വഴിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വിതരണം ചെയ്യുക. ഇന്ത്യന്‍ പൗരനോ, ഇന്ത്യന്‍ കമ്പനികള്‍ക്കോ തങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന തുകകളുടെ പ്രോമിസറി നോട്ടുകള്‍ നിശ്ചിത എസ്.ബി.ഐ ശാഖകളില്‍ നിന്ന് ലഭിക്കുന്നതാണ്.

പലിശരഹിത പ്രോമിസറി നോട്ടുകളായ ഇവയുടെ കാലാവധി പതിനഞ്ച് ദിവസമാണ്. ഇതിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെതായി നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക സ്വീകരിച്ചിരിക്കണം.

അടുത്ത ജനുവരി, ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പത്ത് ദിവസങ്ങളില്‍ മാത്രമേ ബാങ്കില്‍ നിന്ന് ബോണ്ടുകള്‍ വാങ്ങാന്‍ കഴിയുകയുള്ളു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് രണ്ടായിരം രൂപ മാത്രമേ നോട്ടായി വാങ്ങാന്‍ കഴിയുകയുള്ളു.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന പണമിടപാടുകളില്‍ സുതാര്യത വരുത്തുന്നതിനാണ് ഈ സംവിധാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ടെങ്കിലും നേടാന്‍ കഴിഞ്ഞ പാര്‍ട്ടികള്‍ക്ക് മാത്രമേ ബോണ്ട് ലഭിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more