| Wednesday, 29th October 2014, 2:03 pm

ഫ്‌ളക്‌സ് നിരോധനം വേണ്ട, നിയന്ത്രണം മതിയെന്ന് ഉപസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളക്‌സ് നിരോധിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഫ്‌ളക്‌സ്  ഉപയോഗം നിയന്ത്രിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇത് സംബന്ധിച്ച് മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായി നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഫ്‌ളക്‌സ് തൊഴിലാളികളും ചില തൊഴിലാളി സംഘടനകളും രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യം പുനപരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച വിഷയം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനായ ഒരു ഉപസമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഫ്‌ളക്‌സ് തൊഴിലാളികളുമായി ചര്‍ച്ച നടത്തിയശേഷം ഉപസമിതി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.

1. ഫ്‌ളക്‌സ് നിരോധനം നിയമമാക്കാനുള്ള തീരുമാനം പിന്‍വലിക്കണം. ഫ്‌ളക്‌സ് ഉപയോഗം നിയന്ത്രിച്ചാല്‍ മതി.
2 പൊതുസ്ഥലങ്ങളില്‍ ഫ്‌ളക്‌സ് ഉപയോഗിക്കാന്‍ പാടില്ല. സ്വകാര്യഇടങ്ങളില്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടുകൂടിയേ ഫ്‌ളക്‌സ് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതിന് അനുമതി നല്‍കുന്നത് ചില നിബന്ധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഫ്‌ളക്‌സിന്റെ വലുപ്പവും മറ്റും അനുമതിക്ക് ബാധകമാക്കും.

3. സര്‍ക്കാര്‍ പരിപാടികള്‍ക്കും പ്രചരണങ്ങള്‍ക്കും ഫ്‌ളക്‌സ് ഉപയോഗിക്കില്ല.

4. പരിസ്ഥിതിയെ അധികം ബാധിക്കാത്ത തരത്തില്‍ ഫ്‌ളക്‌സ് ഉപയോഗിക്കാനാണ് ഉപസമിതി നിര്‍ദേശിക്കുന്നത്.

ഫ്‌ളക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെക്കൂടി പരിഗണിച്ചുള്ള മന്ത്രിസഭ ഉപസമിതിയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

മന്നം, അയ്യങ്കാളി ജയന്തികള്‍ പൊതു അവധി ദിവസങ്ങളായി പ്രഖ്യാപിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. മന്നം ജയന്തി നിലവില്‍ നായര്‍ സമുദായക്കാര്‍ക്ക് അവധിദിനമാണ്.

Latest Stories

We use cookies to give you the best possible experience. Learn more