പ്രസ്താവനയിറക്കിയ ശേഷം പരാതിപ്പെട്ടിട്ട് കാര്യമില്ല; വി.കെ സിങിനെ വിമര്‍ശിച്ച് രാജ്‌നാഥ് സിങ്
Daily News
പ്രസ്താവനയിറക്കിയ ശേഷം പരാതിപ്പെട്ടിട്ട് കാര്യമില്ല; വി.കെ സിങിനെ വിമര്‍ശിച്ച് രാജ്‌നാഥ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd October 2015, 1:12 pm

raj

ന്യൂദല്‍ഹി: ഫരീദാബാദില്‍ ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തില്‍ വിവാദ പ്രസ്താവനയിറക്കിയ വി.കെ സിംഗിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ സൂക്ഷ്‌മത പുലര്‍ത്തണം. എന്തെങ്കിലും പറഞ്ഞശേഷം പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ആരെങ്കിലും നായ്ക്കളെ കല്ലെറിഞ്ഞാല്‍ അതിന് സര്‍ക്കാര്‍ ഉത്തരവാദികളല്ലെന്നായിരുന്നു വി.കെ സിങിന്റെ പ്രസ്താവന. അപലപനീയമായ പ്രസ്താവനയിറക്കിയ വി.കെ സിങ്ങിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. കോണ്‍ഗ്രസ്, ഇടതു കക്ഷികള്‍ക്ക് പുറമെ എന്‍.ഡി.എ നേതാക്കളായ രാം വിലാസ് പാസ്വാന്‍, ജിതന്‍ റാം മഞ്ചി തുടങ്ങിയവരും പ്രസ്താവനയെ വിമര്‍ശിച്ചിരുന്നു.

വി.കെ സിങിന്റെ പ്രസ്താവന ദളിതുകള്‍ക്കെതിരായ അദ്ദേഹത്തിന്റെ മനോഭാവമാണെന്നും കുറ്റക്കാരനെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും പട്ടിക ജാതി കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നുമാണ് വി.കെ സിങ് പ്രതികരിച്ചിരുന്നത്.