തിരുവനന്തപുരം: 17 മന്ത്രിമാരുടെ വിദേശപര്യടനം സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. നവകേരള നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനായി മന്ത്രിമാര്‍ നടത്താനിരുന്ന വിദേശപര്യടനം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഉപേക്ഷിക്കുന്നത്.
മന്ത്രിമാര്‍ക്ക് വിദേശപര്യടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയും കേന്ദ്രം തള്ളിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
വിദേശയാത്രയുടെ ഉദ്ദേശവും ഫണ്ട് ലഭിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയെങ്കിലും അനുമതി നല്‍കില്ലെന്നായിരുന്നു കേന്ദ്രനിലപാട്. ഇത് സംബന്ധിച്ച അറിയിപ്പ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചതോടെ ഇനി വിദേശയാത്ര പദ്ധതിയുമായി മുന്നോട്ട് പോകേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
വരും ദിവസങ്ങളില്‍ ഇനി അനുമതി ലഭിച്ചാലും നിശ്ചയിച്ച ഷെഡ്യൂളനുസരിച്ചുള്ള പരിപാടികള്‍ നടക്കാനിടയില്ല. മന്ത്രിമാരെത്തുന്ന ദിവസം കണക്കാക്കിയാണ് പ്രവാസി മലയാളികളുടെ പ്രത്യേക യോഗങ്ങള്‍ ക്രമീകരിച്ചത്. അതത് രാജ്യങ്ങളില്‍ പ്രത്യേകാനുമതി വാങ്ങിയാണ് ലോക കേരളസഭാ പ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രവാസി കൂട്ടായ്മകള്‍ വിളിച്ചതും. യാത്ര നീണ്ടാല്‍ ഇതെല്ലാം പുനഃക്രമീകരിക്കണം.
പ്രളയക്കെടുതി മറികടക്കാനുളള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന് അനുമതി തേടി ഈ മാസം ആദ്യമാണ് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചത്.
വിദേശ ഫണ്ട് സ്വീകരിക്കരുത്, ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ നടത്താവൂ തുടങ്ങിയ ഉപാധികളോടെയാണ് മുഖ്യമന്ത്രിക്കുള്ള അനുമതി നല്‍കിയത്. മുഖ്യമന്ത്രി നാളെ യു.എ.ഇയിലേക്ക് പോകും. അബുദാബി, ഷാര്‍ജ, ദുബൈ സന്ദര്‍ശനത്തിന് ശേഷം 21ന് മടങ്ങിയെത്തും.