മുഖ്യമന്ത്രിയും ഗവര്‍ണറും വ്യോമയാന മന്ത്രിയും കരിപ്പൂരെത്തി; അപകട സ്ഥലം സന്ദര്‍ശിക്കും
Kerala News
മുഖ്യമന്ത്രിയും ഗവര്‍ണറും വ്യോമയാന മന്ത്രിയും കരിപ്പൂരെത്തി; അപകട സ്ഥലം സന്ദര്‍ശിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th August 2020, 1:01 pm

കോഴിക്കോട്: വിമാനാപകടമുണ്ടായ കരിപ്പൂരിലേക്ക് മുഖ്യമന്ത്രിയും കേരള ഗവര്‍ണറും അടക്കം മന്ത്രിമാരുടെ സംഘമെത്തി. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

അപകടം നടന്ന സ്ഥലം ഇവര്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ. കെ ശൈലജ, ഇ. പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, ടി. പി രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രദേശത്ത് എത്തിയിരിക്കുന്നത്.

ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ തുടങ്ങിയവരും എത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് വ്യോമയാന മന്ത്രി അറിയിച്ചിട്ടുണ്ട്. വിദഗ്ധ സംഘം നേരത്തെ എയര്‍ പോര്‍ട്ടില്‍ എത്തിയിരുന്നു.

വിമാനത്തില്‍ നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുത്ത റെക്കോര്‍ഡര്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കും.
വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ എന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

അപകടത്തെതുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എയര്‍ നാവിഗേഷന്‍ സര്‍വീസ് അംഗങ്ങള്‍ തുടങ്ങിയവരുടെ യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും.

സംഭവത്തില്‍ 18 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ദുബായില്‍ നിന്നുമെത്തിയ വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 190 പേരായിരുന്നു ഉണ്ടായിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക