Kerala News
പെട്രോള്‍ പമ്പുകളില്‍ അളവില്‍ വെട്ടിപ്പ് നടക്കുന്നുണ്ടെന്ന് സമ്മതിച്ച് സര്‍ക്കാര്‍; 700 പമ്പുകള്‍ പരിശോധിച്ചപ്പോള്‍ 46 സ്ഥലത്ത് ക്രമക്കേട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 30, 01:58 pm
Saturday, 30th April 2022, 7:28 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ അളവില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. വെട്ടിപ്പ് നടക്കുന്നുണ്ടോയെന്ന ജനങ്ങളുടെ ആശങ്ക ശരിയാണെന്ന് പറഞ്ഞ മന്ത്രി 700 പമ്പുകള്‍ പരിശോധിച്ചപ്പോള്‍ 46 സ്ഥലത്ത് ക്രമക്കേടുകള്‍ കണ്ടെത്തിയതായും പറഞ്ഞു. പമ്പുകള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘കേരളത്തിലെ വിവിധങ്ങളായിട്ടുള്ള പെട്രോള്‍ പമ്പുകളുടെ പരിശോധന വളരെ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കിട്ടിയ കണക്ക് അനുസരിച്ച് ഒരാഴ്ചക്കകം 700 പമ്പുകളില്‍ പരിശോധന നടത്തിയപ്പോള്‍ 46 സ്ഥലത്ത് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ നിയമ നടപടി സ്വീകരിക്കതുന്നതിന് പകരം പരിഹരിക്കാന്‍ ഒരവസരം നല്‍കിയിരിക്കുകയാണ്,’ മന്ത്രി പറഞ്ഞു.

അതേസമയം, തുടര്‍ച്ചയായ ഇരുപത്തി മൂന്നാം ദിവസവും സംസ്ഥാനത്ത് പെട്രോള്‍ വില 110 മുകളില്‍ തുടരുകയാണ്.

തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിന് 115.07 രൂപയും ഡീസലിന് 101.96 രൂപയുമാണ്. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 115.75 രൂപയും ഡീസലിന് 102.62 രൂപയുമാണ്.