തൃശ്ശൂര്‍ പൂരം നടത്തുമെന്ന് മന്ത്രി സുനില്‍ കുമാര്‍; ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകുമെന്ന് ഡി.എം.ഒ
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കാന്‍ നടപടി എടുക്കുമെന്നും തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരുമെന്നും ദേവസ്വങ്ങളും സര്‍ക്കാരും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂര്‍ ഡി.എം.ഒ പറഞ്ഞിരുന്നു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡി.എം.ഒ ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക