| Friday, 8th May 2020, 11:32 am

കൊച്ചിയില്‍ ക്വാറന്റീന്‍ ചെയ്ത അഞ്ച് പ്രവാസികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല; ക്വാറന്റീന്‍ മുന്‍കരുതലിന്റെ ഭാഗമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ ഇന്നലെ ക്വാറന്റീന്‍ ചെയ്ത അഞ്ച് പ്രവാസികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഇവരെ ആശുപത്രിയില്‍ ക്വാറന്റൈന്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.

വീടുകളില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഉണ്ടെങ്കില്‍ ഏഴ് ദിവസത്തിന് ശേഷവും പ്രവാസികള്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഓപറേഷന്‍ വന്ദേഭാരതിന് തുടക്കംകുറിച്ച് പ്രവാസികളുടെ ആദ്യസംഘം ഇന്നലെയാണ് കേരളത്തിലെത്തിയത്. യാത്രക്കാരെ അവരവരുടെ ജില്ലകളിലെ കേന്ദ്രീകൃത ക്വാറന്റിന്‍ ഇടങ്ങളിലേക്ക് മാറ്റിയിരുന്നു.

അബുദാബിയില്‍ നിന്ന് 177 യാത്രക്കാരുമായി നെടുമ്പാശേരിയില്‍ ഇറങ്ങിയ ഇറങ്ങിയ യാത്രക്കാരെ ആറു ഗ്രൂപ്പുകളായി തിരിച്ചിരുന്നു. 30 പേര്‍ വീതമുള്ള ഓരോ ഗ്രൂപ്പും ഇമിഗ്രേഷന്‍ ക്ലിയറന്‍സും ആരോഗ്യപരിശോധനയും കഴിഞ്ഞാണ് പുറത്തിറങ്ങിയത്.

വിമാനത്തില്‍ 49 ഗര്‍ഭിണികള്‍ ഉണ്ടായിരുന്നു. ഇവരെയും ഹൃദ് രോഗമുള്ളവരെയും 10 വയസില്‍ താഴെയുമുള്ള കുട്ടികള്‍ ഉള്ളവരെയും വീടുകളില്‍ ക്വാറന്റിനില്‍ വിട്ടു.

പരിശോധനയില്‍ രോഗലക്ഷണം പ്രകടിപ്പിച്ച അഞ്ച് പേരെ പ്രത്യേക കവാടത്തിലൂടെ പുറത്തിറക്കി ആംബുലന്‍സില്‍ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മറ്റ് യാത്രക്കാരെ അവരവരുടെ ജില്ലകളിലെ ക്വാറന്‍ന്റിന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. ടാക്‌സികളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലുമാണ് ഇവര്‍ യാത്ര തിരിച്ചത്.

കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസികളുടെ ആദ്യസംഘവും ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. 5 കൈക്കുഞ്ഞുങ്ങളടക്കം 182 പേരാണ് ആദ്യവിമാനത്തില്‍ എത്തിയത്. ഇതില്‍ മൂന്ന് പേരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more