| Sunday, 24th February 2019, 2:02 pm

സംസ്ഥാന സര്‍ക്കാര്‍ അറിയാതെ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഉദ്ഘാടനം; കിസാന്‍ സമ്മാന്‍ നിധിയുടെ പേരില്‍ ബി.ജെ.പി രാഷ്ട്രീയ അല്‍പ്പത്തരം കാണിക്കരുതെന്ന് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പേരില്‍ ബി.ജെ.പി രാഷ്ട്രീയ അല്‍പ്പത്തരം കാണിക്കുകയാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരറിവും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. അതിനിടെയാണ് ഔദ്യോഗിക ഉദ്ഘാടനമെന്ന പേരില്‍ അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കുന്ന പരിപാടി കഴക്കൂട്ടത്ത് നടക്കുന്നത്.


സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ അറിയാതെ നടത്തുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളെ രാഷ്ട്രീയ വേദികളാക്കാന്‍ ബി.ജെ.പി തുനിയുന്നത് തരംതാഴ്ന്ന നടപടിയാണെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് ബി.ജെ.പി ഇടപെടുന്നതെന്നും ഫെഡറല്‍ സംവിധാനത്തെ ആകെ വെല്ലുവിളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കിസാന്‍ സമ്മാന്‍നിധി പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ നിര്‍വഹിച്ചു. പദ്ധതി രാജ്യത്തെ കഠിനാധ്വാനികളായ കോടിക്കണക്കിന് കര്‍ഷകരുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുമുളപ്പിക്കുന്നതാണെന്ന് മോദി പറഞ്ഞു.


പദ്ധതിക്ക് തുടക്കംകുറിച്ച ദിവസത്തെ ചരിത്രദിനമെന്ന് വിശേഷിപ്പിച്ച അദ്ദേഹം കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എന്‍.ഡി.എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിനുള്ള തെളിവാണ് ഈ പദ്ധതിയെന്നും അവകാശപ്പെട്ടു.

രാജ്യത്തെ 12 കോടിയിലേറെ വരുന്ന കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നുഗഡുക്കളായി ആറായിരം രൂപയുടെ സഹായം നല്‍കുന്നതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി. 75000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം.

ALSO WATCH THIS VIDEO 

Latest Stories

We use cookies to give you the best possible experience. Learn more