വിധി ദൗര്‍ഭാഗ്യകരവും, സ്ത്രീ വിരുദ്ധവും; സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി വീണാ ജോര്‍ജ്
Kerala News
വിധി ദൗര്‍ഭാഗ്യകരവും, സ്ത്രീ വിരുദ്ധവും; സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി വീണാ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th August 2022, 3:35 pm

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെയുള്ള വിധികള്‍ ആ പ്രതീക്ഷയ്ക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധി സ്ത്രീ വിരുദ്ധമാണെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരി ധരിച്ചത് ലൈംഗിക പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രമായിരുന്നെന്നും അതിനാല്‍ പീഡനപരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ ദിവസമായിരുന്നു സിവിക് കേസിലെ വിവാദ വിധി പുറപ്പെടുവിച്ചത്. ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ സെക്ഷ്വല്‍ ഹരാസ്മെന്റിനുള്ള ഐ.പി.സി 354എ വകുപ്പ് നിലനില്‍ക്കില്ല, എന്നായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതി വിധിച്ചത്.

‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളില്‍ നിന്നും പരാതിക്കാരി ലൈംഗിക ചോതന ഉണര്‍ത്തുന്ന(sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു. അതുകൊണ്ട് തന്നെ പ്രതിക്കെതിരെ 354 എ വകുപ്പ് പ്രഥമ ദൃഷ്ട്യ നില നില്‍ക്കില്ല,’ എന്നാണ് കോടതി വിധിയിലുള്ളത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022ലെ ഉത്തരവിലാണ് ഈ വിചിത്ര വാദം.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022 ഉത്തരവിലാണ് ഈ വിചിത്ര വാദം.

അതേസമയം, കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലും സിവിക് ചന്ദ്രന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Content Highlight: Minister Veena George’s Reaction About Kozhikode Sessions Court ruling in Civic Chandran case