ടി-20 ലോകകപ്പിലെ സെമി ഫൈനല്‍ മത്സരത്തില്‍ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കൂട്ടി.
സഞ്ജു സാംസണെ തഴഞ്ഞ് മോശം ഫോമില്‍ കളിക്കുന്ന ദിനേഷ് കാര്‍ത്തിക്കിനെയും റിഷബ് പന്തിനെയും എന്തിനാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ശിവന്‍കുട്ടി ചോദിക്കുന്നു.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ശിവന്‍കുട്ടി ബി.സി.സി.ഐയെയും സെലക്ടര്‍മാരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.
‘ഈ തോല്‍വിക്ക് കാരണം ബി.സി.സി.ഐയും സെലക്ടര്‍മാരുമാണ്. വിക്കറ്റ് കീപ്പര്‍/ ബാറ്ററായി ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത് റിഷബ് പന്തും ദിനേഷ് കാര്‍ത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാന്‍ ഇരുവര്‍ക്കും ആയിട്ടില്ല.
മികച്ച പവര്‍ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമില്‍ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാന്‍ ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയത്,’ ശിവന്‍കുട്ടി പറയുന്നു.
വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി റിഷബ് പന്ത് സ്ഥാനം പിടിക്കുമ്പോള്‍ വെറും ബാറ്ററായാണ് സഞ്ജുവിനെ പരിഗണിച്ചതെന്നും ഫോം ഔട്ടില്‍ തുടരുമ്പോഴും പന്തിനെ ടീമില്‍ നിലനിര്‍ത്തുക എന്നത് ബി.സി.സി.ഐയുടെ അജണ്ടയാണെന്നും ശിവന്‍കുട്ടി ആരോപിക്കുന്നു.
‘മറ്റൊരു ഉദാഹരണം നോക്കുക. വരാന്‍ പോകുന്ന ന്യൂസിലാന്‍ഡ് പരമ്പരയില്‍ ഏകദിനത്തിലും ടി-ട്വന്റിയിലും വൈസ് ക്യാപ്റ്റന്‍ ആയിട്ടാണ് റിഷബ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമില്‍ നിലനിര്‍ത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം.
വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും റിഷബ് പന്ത് ഉണ്ട്, സഞ്ജു ഇല്ല താനും.
ബി.സി.സി.ഐ എന്ന് ഈ ക്വാട്ട കളി നിര്‍ത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാന്‍ ഉറക്കെ തന്നെ വിളിച്ചു പറയും,’ കുറിപ്പില്‍ ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
വിക്കറ്റ് കീപ്പറായി ടീമിനൊപ്പം ചേര്‍ന്ന ദിനേഷ് കാര്‍ത്തിക്കിന്റെയും പന്തിന്റെയും മോശം പ്രകടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിലെ രോഷം ആരാധകര്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെ സഞ്ജുവിനായുള്ള മുറവിളികളും ഉയരുകയാണ്.
Content highlight: Minister V Sivankutty slams BCCI for not including Sanju Samson in team after the loss against England in semi final