'ഓണം ആഘോഷിക്കാന്‍ ഞാനെത്തും'; കുഞ്ഞുങ്ങളുടെ കത്തിന് മറുപടിയുമായി 'മന്ത്രി അപ്പൂപ്പന്‍'
Kerala News
'ഓണം ആഘോഷിക്കാന്‍ ഞാനെത്തും'; കുഞ്ഞുങ്ങളുടെ കത്തിന് മറുപടിയുമായി 'മന്ത്രി അപ്പൂപ്പന്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2022, 8:17 pm

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് കഴിഞ്ഞ ദിവസമാണ് ഓണാഘോഷത്തിനൊരു ക്ഷണക്കത്ത് കിട്ടുന്നത്. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസിലെ കുഞ്ഞുകൂട്ടുകാരാണ് മന്ത്രി അപ്പൂപ്പനെ അവരുടെ ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചത്.

ക്ലാസിലെ എല്ലാവര്‍ക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാര്‍ഥിനിയാണ് കത്തെഴുതിയത്. സുഖമാണോ മന്ത്രി അപ്പൂപ്പാ ? എന്ന് തുടങ്ങുന്ന കത്തില്‍ രണ്ടാം ക്ലാസിലെ 85 കൂട്ടുകാരാണ് മന്ത്രി അപ്പൂപ്പനെ ഓണാഘോഷത്തിന് ക്ഷണിച്ചത്.

‘അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങള്‍ പഠിച്ചു. അതില്‍ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്‌കൂളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബര്‍ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന്‍ വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി അപ്പൂപ്പന്‍ ഓണസദ്യ കഴിക്കാന്‍ വരുമെന്ന് വിശ്വസിക്കുന്നു,’ എന്നാണ് കത്തിന്റെ ഉള്ളടക്കം.

കുട്ടികളുടെ കത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മന്ത്രി വി. ശിവന്‍കുട്ടി.
വിദ്യാര്‍ത്ഥികളുടെ ക്ഷണം സ്വീകരിച്ച് സ്‌കൂളില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്തെ ഏറ്റവും മധുരമായ സമ്മാനമാണ് ഈ ക്ഷണത്തിലൂടെ തനിക്ക് ലഭിച്ചതെന്നും, കുഞ്ഞുങ്ങളോടൊത്ത് ഓണം ആഘോഷിക്കാന്‍ നാളെ എത്തുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ്സുകാര്‍ എന്നെ അവരുടെ സ്‌കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്‌കൂളിലെ ഓണാഘോഷം.

കുഞ്ഞുങ്ങളെ ഞാന്‍ നാളെ വരും.
നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാന്‍…
എന്ന് സ്വന്തം
മന്ത്രി അപ്പൂപ്പന്‍

Content Highlight: Minister V Sivan kutty’s reply to the school students for the invitation of Onam program