| Tuesday, 23rd August 2022, 5:07 pm

'മരണം ജീവിതത്തിലെ പരമമായ സത്യം'; പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നല്‍കുന്നതിനേക്കാള്‍ സന്തോഷകരമായി മറ്റെന്താണുള്ളത്: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മരണാനന്തര ചടങ്ങിനിടെ കുടുബാംഗങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഗ്രൂപ്പ് ഫോട്ടോയുടെ പേരില്‍ കുടുംബത്തിന് നേരിടേണ്ടിവന്ന ഹെയ്റ്റ് കമന്റുകള്‍ക്കെതിരെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

സന്തോഷത്തോടെ ജീവിച്ചവര്‍ക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നല്‍കുന്നതിനേക്കാള്‍ സന്തോഷകരമായി മറ്റെന്താണ് ഉള്ളതെന്നും, ഈ ഫോട്ടോക്ക് നെഗറ്റീവ് കമന്റുകള്‍ അല്ല വേണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു.

ജീവിതത്തിലെ പരമമായ സത്യം മരണം തന്നെയാണ്. മരിച്ച ഒരു വ്യക്തിയെ കരഞ്ഞു കൊണ്ട് യാത്ര അയക്കുന്നതാണ് നാം സാധാരണ കാണാറുള്ളത്.
മരണം ഒരു വേര്‍പാടാണ്, സങ്കടകരവും. എന്നാല്‍ അതൊരു വിടവാങ്ങലും യാത്രയയപ്പും കൂടിയാണന്നും വിദ്യഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കോട്ടയം മല്ലപ്പള്ളി സ്വദേശിയായ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനിടെ ബോഡിക്കരികില്‍ മക്കളും, മരുമക്കളും, പേരകുട്ടികളും അടങ്ങുന്ന സംഘം ചിരിച്ചുകൊണ്ട് ഇരിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

കോട്ടയം മല്ലപ്പള്ളി പനവേലില്‍ കുടുംബത്തിലെ മറിയാമ്മയാണ് 95-ാം വയസില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് നിര്യാതയായത്.

കഴിഞ്ഞ ദിവസം ‘അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു’ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഈ ഫോട്ടോക്കെതിരെയാണ് ഹെയ്റ്റ് കമന്റുകള്‍ വന്നത്.

‘നടുക്ക് വെച്ചിരിക്കുന്നത് ബര്‍ത്ത് ഡേ കേക്ക് അല്ലെന്ന് ഇവന്മാര്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കോ..’, ഇതേതോ സീരിയലിന്റെ ലൊക്കേഷനാണെന്ന് തോന്നുന്നു’

‘എല്ലാവരും ഇത്തിരി ഗ്യാപ് ഇട്ടിട്ടായാലും പിന്നാലെ വരുമെന്നേ…..! വരാതെവിടെ പോകാനാ, അപ്പോള്‍ അടുത്ത ഫോട്ടോഷൂട്ട് അവിടെവച്ചാകാം… തല്‍ക്കാലം ബൈ……!’, എന്നാലും ദുഃഖമുള്ള ഒരു മുഖം പോലും ഇതില്‍ കാണാനില്ലല്ലോ…’

‘മരണം ഒരു സന്തോഷമാക്കി മാറ്റിയ ഈ കുടുബം അഭിനന്ദനം അര്‍ഹിക്കുന്നു’, രംഗബോധമില്ലാതെ കടന്നു വന്നാല്‍ മാത്രം മരണം ദുഃഖകരം എന്നതിന് ഉത്തമ ഉദാഹരണം…’, ‘ചാമ്പിക്കോ മ്യൂസിക് കൂടി ഇടാമായിരുന്നു’ തുടങ്ങിയ കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന് താഴെ വന്നത്.

അതേസമയം, സമൂഹ മാധ്യമങ്ങളില്‍ ചിത്രം ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി മരിച്ച മറിയാമ്മയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

‘ക്രിസ്തീയ വിശ്വാസ പ്രകാരം മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വര്‍ഗത്തില്‍ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്. അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി പ്രാര്‍ത്ഥിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ചു. വിശ്രമിക്കാനായി പിരിയാന്‍ നേരത്ത് എടുത്ത ഫോട്ടോയാണിത്. സ്വകാര്യതയില്‍ ഒതുങ്ങേണ്ട ചിത്രം എങ്ങനെയോ പുറത്തായി. ചിലര്‍ അതിനെ മോശം രീതിയില്‍ പ്രചരിപ്പിച്ചു,’ പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും സന്തോഷത്തോടെ യാത്രയാക്കിയത് അതുകൊണ്ടാണെന്നും ബന്ധുവും ഡോക്ടറുമായ ഉമ്മന്‍ പി. നൈനാന്‍ പ്രതികരിച്ചു.

Content Highlight: Minister V Sivankutty’s Reaction on hate comments against the picture of family members during posthumous ceremony on social media

We use cookies to give you the best possible experience. Learn more