തിരുവനന്തപുരം: ജനുവരിയില്‍ നടക്കാനിരിക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണനൃത്തം പഠിപ്പിക്കാനായി നടിയെ സമീപിച്ച വിഷയത്തില്‍ തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കലോത്സവ സമയത്ത് ഒരു വിവാദത്തിന് താത്പര്യമില്ല എന്ന് പറഞ്ഞാണ് മന്ത്രി പ്രസ്താവന പിന്‍വലിച്ചത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അവതരണനൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. കലോത്സവ വേദിയിലൂടെ സിനിമ മേഖലയിലേക്ക് കടന്നുവന്ന നടിയാണ് ഇപ്രകാരം പറഞ്ഞതെന്നും അതിനാല്‍ വന്ന വഴി മറക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു. നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. വെഞ്ഞാറമൂടില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രതിഫലമായി നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നെന്നും മന്ത്രി പറയുകയുണ്ടായി. എന്നാല്‍ നടിയുടെ ഈ ആവശ്യം അവര്‍ക്ക് പണത്തോടുള്ള ആര്‍ത്തിയാണ് കാണിക്കുന്നതെന്ന മന്ത്രിയുടെ പരമാര്‍ശം ഏറെ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രസ്താവന പിന്‍വലിച്ചത്.
കോഴിക്കോട് കലോത്സവത്തില്‍ കെ.എസ്. ചിത്രയും, ഓണാഘോഷങ്ങളില്‍ ഫഫദ് ഫാസിലും മറ്റൊരു പരിപാടിയില്‍ മമ്മൂട്ടി എന്നിവരെല്ലാം പ്രതിഫലം വാങ്ങാതെ പങ്കെടുത്തിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അവതരണനൃത്തം പഠിപ്പിക്കാനായാണ് തന്റെ പ്രസ് സെക്രട്ടറിയാണ് നടിയെ സമീപിച്ചതെന്നും മന്ത്രി പറയുകയുണ്ടായി. കലോത്സവം അടുത്തിരിക്കുന്നതിനാല്‍ ഇത്തരം വിവാദങ്ങളിലൂടെ കുട്ടികളെ വിഷമപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ലെന്നാണ് മന്ത്രി പറഞ്ഞത്.
Content Highlight: Minister V. Sivankutty retracted the statement that the actress asked for money to train students for youth festival dance