തിരുവനന്തപുരം: മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിന്റെ നടപടിയില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി.
‘കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍,’ എന്ന് ഫേസ്ബുക്കില്‍ എഴുതിയാണ് ശിവന്‍കുട്ടി എം.എം. മണിക്ക് പന്തുണയറിയിച്ചത്. എം.എം. മണി നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം പങ്കുവെച്ചായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.
അതേസമയം, പി.കെ. ബഷീര്‍ എം.എല്‍.എയുടെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണുയരുന്നത്.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു പ.കെ. ബഷീറിന്റെ വിവാദ പരാമര്‍ശം.
എം.എം മണിയുടെ ‘കണ്ണും മോറും’ കറുപ്പല്ലേ എന്ന് പറഞ്ഞ പി.കെ.ബഷീര്‍ കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം. മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നുമാണ് ബഷീര്‍ അധിക്ഷേപിച്ചത്.
‘കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക്(മുഖ്യമന്ത്രി) പേടി, പര്‍ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. എനിക്കുള്ള പേടി എന്താണെന്നുവെച്ചാല്‍, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലേക്ക് എം.എം. മണി ചെന്നാല്‍ എന്താകും എന്ന് വിചാരിച്ചാണ്. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലെ,’ എന്നായിരുന്നു പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞത്.
ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കില്‍ നാല് മണിക്കൂര്‍ ജനം റോഡില്‍ കിടക്കേണ്ട നിലയാണ്. സൗദി രാജാവ് പോയാല്‍ അഞ്ച് മിനിറ്റ് ബ്ലോക്കുണ്ടാവും. ഇവിടെ പ്രധാനമന്ത്രിയോ പ്രസിഡന്റോ പോയാല്‍ ഇരുപത് മിനിറ്റ് ബ്ലോക്കുണ്ടാവുമെന്നും പി.കെ. ബഷീര്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഏറനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സമാജികനാ പി.കെ. ബഷീര്‍. മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവായിരുന്ന അന്തരിച്ച പി. സീതി ഹാജിയുടെ മകനാണ് ബഷീര്‍.
Content Highlights: Minister V. Shivankutty Support MM Mani on Muslim League MLA PK Basheer’s racist attack