| Sunday, 31st July 2022, 10:55 pm

'പോത്തിനെന്ത് ഏത്തവാഴ'; എം.കെ മുനീറിനെ ട്രോളി വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ ട്രോളി വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകളില്‍ നടപ്പിലാക്കാനൊരുങ്ങുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി നീക്കങ്ങളെ പരിഹസിച്ച് മുനീര്‍ രംഗത്തുവന്നതിനു പിന്നാലെ ‘പോത്തിനെന്ത് ഏത്തവാഴ’ യെന്ന് ശിവന്‍കുട്ടി പരിഹസിച്ചു. മുനീറിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പരിഹാസം. സെക്‌സ് എജ്യൂക്കേഷന്‍ പുസ്തകം കൈയ്യില്‍ പിടിച്ചിരിക്കുന്ന പോത്തിന്റെ ചിത്രത്തോടൊപ്പമാണ് പോസ്റ്റര്‍ മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലിംഗ സമത്വമെന്ന പേരില്‍ സ്‌കൂളുകളില്‍ മത നിഷേധത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുനീര്‍ പറഞ്ഞിരുന്നു. ലിംഗസമത്വമല്ല സാമൂഹിക നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന എം.എസ്.എഫ് സമ്മേളന വേദിയിലായിരുന്നു മുനീറിന്റെ പ്രതികരണം.

ബാലുശ്ശേരിയിലെ സ്‌കൂളില്‍ ലിംഗസമത്വ യൂണിഫോം കൊണ്ടുവന്നതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലീഗ് നേതാവിന്റെ വിമര്‍ശനം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ എതിര്‍ത്തുകൊണ്ട് വിചിത്രവാദങ്ങളാണ് മുനീര്‍ പ്രസംഗത്തിനിടെ ഉന്നയിച്ചത്.

‘ലോകത്ത് ലിംഗസമത്വം വന്നാല്‍ പെണ്‍കുട്ടികളെ എടാ എന്നാകും വിളിക്കുക. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നതിന് പകരം ആണ്‍കുട്ടികള്‍ ചുരിദാര്‍ ധരിക്കട്ടെ,’, എന്ത് കൊണ്ട് തിരിച്ചായിക്കൂട, എന്ന ചോദ്യമാണ് ഞാന്‍ ചോദിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ ചേരില്ലേ… പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെ കൊണ്ട് പാന്റ് ഇടീക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സാരിയും ബ്ലൗസും ധരിച്ചാല്‍ എന്താണ് കുഴപ്പമെന്നും മുനീര്‍ ചോദിച്ചു.

സ്ത്രീകളെ വീണ്ടും അധഃപതനത്തിലേക്ക് കൊണ്ടുപോവുകയും പുരുഷക്കോയ്മയാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്, ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറഞ്ഞ് പുതിയ ജന്‍ഡര്‍ ഇന്‍ഇക്വാലിറ്റിയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. മുനീറിന്റെ പരാമര്‍ശങ്ങള്‍ക്ക് വന്‍ കൈയ്യടിയാണ് സദസ്സില്‍ നിന്ന് ലഭിച്ചത്.

കോഴിക്കോട് ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത് സംബന്ധിച്ചാണ് എം.കെ. മുനീറിന്റെ പ്രതികരണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകള്‍ അന്ന് രംഗത്തെത്തിയിരുന്നു.

Content Highlight: Minister V Sivankutty sarcasm against MK Muneer MLA

We use cookies to give you the best possible experience. Learn more