'വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാവയോട് കുശുമ്പ്; അവര്‍ സമയത്ത് വരാറുണ്ടോ'? മന്ത്രി വാസവന്‍
Kerala News
'വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാവയോട് കുശുമ്പ്; അവര്‍ സമയത്ത് വരാറുണ്ടോ'? മന്ത്രി വാസവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th February 2022, 1:54 pm

തിരുവനന്തപുരം: തനിക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടന്നു എന്ന വാവ സുരേഷിന്റെ പ്രസ്താവനയെ അനുകൂലിച്ച് മന്ത്രി വി.എന്‍. വാസവന്‍.

ഉദ്യോഗസ്ഥര്‍ക്ക് വാവ സുരേഷിനോട് കുശുമ്പാണ്. വാവയെ വിളിക്കരുതെന്ന് പറയാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരെ വിളിച്ചാല്‍ അവര്‍ സമയത്ത് വരാറുണ്ടോ എന്ന് മന്ത്രി ചോദിച്ചു. നന്മ ചെയ്യുന്നത് ആരും തെറ്റായി വ്യാഖ്യാനിക്കരുതെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

വാവ സുരേഷിന് സി.പി.ഐ.എം വീട് നിര്‍മിച്ച് നല്‍കുമെന്ന് വാസവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വീട് നിര്‍മിച്ച് നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.

അതേസമയം, പാമ്പുകടിയേറ്റ് ഗുരതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷിനെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

ആരോഗ്യനില പൂര്‍ണ തൃപ്തികരമായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പ്രതികരിച്ചിരുന്നു.

‘ഇപ്പോ എനിക്കെതിരെ ഒരു ക്യാമ്പയിന്‍ നടക്കുന്നുണ്ട്. വനം വകുപ്പിലെ തന്നെ ഒരു ഓഫീസറാണ് അതിന് പിന്നില്‍. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല.

സത്യത്തില്‍ ഈ പണിയില്‍ ഒരു സുരക്ഷിതത്വവുമില്ല. ശാസ്ത്രീയമാണെന്ന് പറഞ്ഞ് നടക്കുന്നവരും പാമ്പ് കടിച്ച ശേഷം രഹസ്യമായി ട്രീറ്റ്‌മെന്റ് നടത്തിയത് എനിക്കറിയാം. ഇപ്പോഴുള്ള രീതി മാറ്റണോ എന്നത് പിന്നീട് തീരുമാനിക്കും,’ എന്നതായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട വാവ സുരേഷിന്റെ വിവാദ പ്രസ്താവന.

പാമ്പുപിടുത്തത്തില്‍ ഇപ്പോഴുള്ള രീതി മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പിന്നീട് തീരുമാനിക്കുമെന്നും വാവ സുരേഷ് പറഞ്ഞിരുന്നു. പാമ്പുപിടുത്തം മരണം വരെ തുടരുമെന്നും വ്യക്തമാക്കിയിരുന്നു.