കൊച്ചി: മുഖ്യമന്ത്രിയേക്കാള്‍ നാലിരട്ടി സുരക്ഷ രാഹുല്‍ ഗാന്ധിക്കുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പിന് വിലക്കില്ലെന്നും, കറുപ്പിനോട് വിരോധമുണ്ടെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് നാലിരട്ടി സെക്യൂരിറ്റി വന്നാല്‍ അത് പ്രശ്‌നമല്ല. ഇവിടെ ഒരു പൊലീസുകാരനേയുള്ളു, മറ്റേത് മുഴുവന്‍ ആര്‍മെഡ് ഫോഴ്‌സാണ്. ഇതൊക്കെ വലിയ വിഷയമായി കാണുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷമാത്രം വിഷയമാക്കുന്നത് സങ്കുചിത രാഷ്ട്രീയ വീക്ഷണത്തിന്റെ ഭാഗമായിട്ടാണ്,’ വി.എന്‍. വാസവന്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് പറഞ്ഞ് പ്രതിപക്ഷം ഇന്നും രംഗത്തെത്തി. റോഡില്‍ നിന്ന് രണ്ട് കുട്ടികള്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ആയിരം പൊലീസുകാര്‍ക്ക് പിന്നില്‍ ഒളിച്ച മുഖ്യമന്ത്രി പരിഹാസപാത്രമായി മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
അരക്ഷിത ബോധമാണ് മുഖ്യമന്ത്രിക്കെന്നും എല്ലാ സമരങ്ങളും തന്നെ അട്ടിമറിക്കാന്‍ ഏകാധിപതിയെ പോലെയാണ് അദ്ദേഹം ഇടപെടുന്നെന്നും സതീശന്‍ പറഞ്ഞു. തേഞ്ഞിപ്പലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞതു പോലെ പിണറായിയുടെ ദേഹത്തേക്ക് ഒരു കല്ല് പോലും ഞങ്ങളുടെ കുട്ടികള്‍ വലിച്ചെറിയില്ലെന്ന് ഉറപ്പുണ്ട്. നേതൃത്വത്തിന്റെ അനുവാദത്തോടെ സമാധാനപരമായാണ് യുവാക്കള്‍ സമരം ചെയ്യുന്നത്. സമരം അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ട,’ വി.ഡി. സതീശന്‍ പറഞ്ഞു.
Content Highlight: Minister V.N.Vasavan said that Rahul Gandhi has four times more security than the Chief Minister