| Thursday, 8th September 2022, 11:21 am

സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴിയുമായി വി.എന്‍. വാസവന്‍; തൃക്കാക്കരയപ്പന് പി. രാജീവ് വക കാഴ്ചക്കുല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍ രാജകുടുംബാംഗം സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി നല്‍കി സഹകരണ വകുപ്പ് മന്ത്രിയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായ വി.എന്‍ വാസവന്‍. ഓണത്തോടനുബന്ധിച്ചാണ് മന്ത്രി ഉത്രാടക്കിഴി തുക നല്‍കിയത്. വരും വര്‍ഷങ്ങളില്‍ ഉത്രാടക്കിഴി തുക വര്‍ധിപ്പിക്കുമെന്നും അറിയിച്ചു.

മുന്‍ കാലങ്ങളില്‍ കൊച്ചി രാജാവ് കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് ഓണസമയത്ത് നല്‍കിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. മുന്‍ രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് സൗമ്യവതിക്ക് സര്‍ക്കാര്‍ ഉത്രാടക്കിഴി നല്‍കുന്നത്.

83കാരിയായ സൗമ്യവതി ഭര്‍ത്താവ് രാജരാജവര്‍മയോടൊപ്പം കോട്ടയം വയ്‌സക്കര ഇല്ലത്താണ് കഴിയുന്നത്. കോട്ടയത്ത് വീട്ടിലെത്തിയായിരുന്നു മന്ത്രി ഉത്രാടക്കിഴി നല്‍കിയത്. കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കിഴി കൂടാതെ ഓണക്കോടിയും മറ്റ് സമ്മാനങ്ങളും സര്‍ക്കാര്‍ സൗമ്യവതിക്ക് നല്‍കി.

ഓണത്തോടനുബന്ധിച്ച് മന്ത്രി പി. രാജീവും ചില ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെത്തി മന്ത്രി കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് എം.പി ബെന്നി ബഹനാനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Content Highlight: Minister V N Vasavan gives Uthradakizhi and P Rajeev donates Kazhchakula to Thrikkakarayappan temple

We use cookies to give you the best possible experience. Learn more