'എന്റെ ബി.ജെ.പിക്ക് എന്റെ ഹദിയ'; കെ റെയിലിനെതിരായ ലീഗ്- ബി.ജെ.പി സംയുക്ത സമരത്തെ പരിഹസിച്ച് മന്ത്രി വി. അബ്ദുറഹ്‌മാന്‍
Kerala News
'എന്റെ ബി.ജെ.പിക്ക് എന്റെ ഹദിയ'; കെ റെയിലിനെതിരായ ലീഗ്- ബി.ജെ.പി സംയുക്ത സമരത്തെ പരിഹസിച്ച് മന്ത്രി വി. അബ്ദുറഹ്‌മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd April 2022, 5:50 pm

കോഴിക്കോട്: ബി.ജെ.പിക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നടത്തുന്ന കെ റെയില്‍ സമരമാണ് മുസ്‌ലിം
ലീഗ് മുന്നോട്ട് വെക്കുന്ന പുതിയ സമവാക്യങ്ങളുടെ അവസാന തെളിവെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍.

ബി.ജെ.പിക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് താമര നെഞ്ചോട് ചേര്‍ത്ത് വെച്ച് ലീഗ് നടത്തിയ സമരം ജനാധിപത്യ-മതേതര കേരളത്തോട് വിളിച്ചുപറയുന്നത് മുസ്‌ലിം ലീഗിനെ ഇനിയും വിശ്വസിച്ച് കൂടെന്നാണെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വി. അബ്ദുറഹ്‌മാന്റെ പ്രതികരണം.

അവശ്യ മരുന്നുകളുടെ വിലവര്‍ധന, ഇന്ധന വില വര്‍ധന തുടങ്ങി പല ജനദ്രോഹ നടപടികളിലും, നിലപാടുകളിലും ബി.ജെ.പിയെ സി.പി.ഐ.എം അടക്കമുള്ള ജനാധിപത്യ പാര്‍ട്ടികള്‍ ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്ന വേളയിലാണ് ലീഗ് ബി.ജെ.പിക്കൊപ്പം അണിചേരുന്നത്.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ലീഗ് തീരെ തല്‍പരരല്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ലീഗ് പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്ന ഈ വേളയില്‍ നടത്തുന്ന ഇത്തരം കൂട്ടുകെട്ടുകള്‍ പ്രവര്‍ത്തകര്‍ക്കും കൃത്യമായ സന്ദേശമാണ് നല്‍കുന്നത്. നിങ്ങള്‍ ലീഗിന് നല്‍കുന്ന സംഭാവന രാജ്യത്ത് ഏത് ശക്തിയെ വളര്‍ത്തുവാനാണ് ഉപകരിക്കുക എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി.

വി. അബ്ദുറഹ്‌മാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ ബി.ജെ.പിക്ക് എന്റെ ഹദിയ. മുസ്‌ലിം ലീഗിനെ ചത്ത കുതിര എന്ന് വിളിച്ചത് മഹാനായ ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ഇന്ന് ആ ചത്ത കുതിര ചീഞ്ഞ് പുഴുവരിച്ച് ദുര്‍ഗന്ധം പരത്തി തുടങ്ങിയിരിക്കുന്നു.

ബഹുമാന്യനായ സി.എച്ചിന്റെ കാലത്ത് ഉറക്കെ വിളിച്ചിരുന്ന മുദ്രാവക്യങ്ങളില്‍ നിന്നും, ഉറക്കെ പ്രഖ്യാപിച്ചിരുന്ന ആശയങ്ങളില്‍ നിന്നും മുസ്‌ലിം ലീഗ് വ്യതിചലിച്ച് തുടങ്ങിയിട്ട് നാളേറെയായി.

മതേതര ഭേദമന്യേ മുസ്‌ലിം ലീഗിന് പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളെ വരെ വഞ്ചിച്ച് ഇന്ന് വര്‍ഗീയ-ഫാസിസ്റ്റ് ശക്തികളുടെ തോളില്‍ കയ്യിടാന്‍ പോലും മടിയില്ലാത്തവരായി ലീഗ് നേതൃത്വം മാറിയിരിക്കുന്നു. ബി.ജെ.പിക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നടത്തുന്ന കെ റെയില്‍ സമരമാണ് മുസ്‌ലിം
ലീഗ് മുന്നോട്ട് വെക്കുന്ന പുതിയ സമവാക്യങ്ങളുടെ അവസാന തെളിവ്.

പഴയ കോലീബി പുതിയ കാലത്തേക്ക് കടന്നപ്പോള്‍ ബി.ജെ.പി ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയും, മുസ്‌ലിം ലീഗ് രാജ്യത്തെങ്ങും അധികാരത്തിലില്ലാത്ത പാര്‍ട്ടിയുമായി മാറി. പഴയ ചങ്ങാതിയുടെ സഹായവും, കനിവും ഇല്ലാതെ രാഷ്ട്രീയ ഭൂപടത്തില്‍ നിലനില്‍പ്പില്ലെന്ന സത്യം മുസ്‌ലിം ലീഗ് തിരിച്ചറിഞ്ഞിരിക്കുന്നു.

പാര്‍ലമെന്റില്‍ നിര്‍ണായക സമയത്ത് ബി.ജെ.പിയെ കയ്യയച്ച് സഹായിക്കലും, ഉത്തരേന്ത്യയില്‍ കാവിയുടുക്കലും, നാരങ്ങാ വെള്ളം വിതരണവുമൊക്കെയായി പല രൂപത്തില്‍ കാവി പുതക്കലിന്റെ പല വെര്‍ഷനും കേരളം ചര്‍ച്ച ചെയ്തതാണ്. അതില്‍ അവസാനത്തെ ഏടാണ് തിരുന്നാവായയിലെ കെ റെയില്‍ വിരുദ്ധ സമരം.

ബി.ജെ.പിക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് താമര നെഞ്ചോട് ചേര്‍ത്ത് വെച്ച് ലീഗ് നടത്തിയ സമരം ജനാധിപത്യ-മതേതര കേരളത്തോട് വിളിച്ചുപറയുന്നുണ്ട് മുസ്‌ലിം ലീഗിനെ ഇനിയും വിശ്വസിച്ച് കൂടെന്ന്.

അവശ്യ മരുന്നുകളുടെ വിലവര്‍ധന, ഇന്ധന വില വര്‍ധന തുടങ്ങി പല ജനദ്രോഹ നടപടികളിലും, നിലപാടുകളിലും ബി.ജെ.പിയെ സി.പി.ഐ.എം അടക്കമുള്ള ജനാധിപത്യ പാര്‍ട്ടികള്‍ ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്ന വേളയിലാണ് ലീഗ് ബി.ജെ.പിക്കൊപ്പം അണിചേരുന്നത്.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ലീഗ് തീരെ തല്‍പരരല്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ലീഗ് പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്ന ഈ വേളയില്‍ നടത്തുന്ന ഇത്തരം കൂട്ടുകെട്ടുകള്‍ പ്രവര്‍ത്തകര്‍ക്കും കൃത്യമായ സന്ദേശമാണ് നല്‍കുന്നത്.

നിങ്ങള്‍ ലീഗിന് നല്‍കുന്ന സംഭാവന രാജ്യത്ത് ഏത് ശക്തിയെ വളര്‍ത്തുവാനാണ് ഉപകരിക്കുക എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കെ റെയില്‍ വിരുദ്ധ സമരത്തില്‍ കേരളത്തിലെ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിന് ഏറ്റവും ആവശ്യം വേണ്ടൊരു പദ്ധതി ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടരപരിഹാരം നല്‍കി ഭൂമി ഏറ്റെടുത്ത് നടപ്പാക്കുകയാണ്. ഇതിനെയാണ് തെറ്റായ സന്ദേശവും, അനാവശ്യ ഭീഷണികളുമായി പ്രതിപക്ഷം അട്ടിമറിക്കുന്നത്.