തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമവകുപ്പ് തന്നെ ഏല്‍പ്പിച്ച ശേഷം തിരിച്ചെടുത്തതാണെന്ന ആരോപണങ്ങള്‍ തള്ളി മന്ത്രി വി. അബ്ദുറഹിമാന്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കാനാകുക മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. വകുപ്പ് നല്‍കിയ ശേഷം തിരിച്ചെടുത്തു എന്ന് പറയുന്നവര്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് സംസ്ഥാനത്ത മതന്യൂനപക്ഷങ്ങള്‍ക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും. അക്കാര്യത്തില്‍ എന്നെപ്പോലുള്ളവര്‍ക്ക് ഒരു സംശയവുമില്ല. അതില്‍ സംശയമുള്ളവര്‍ രാഷ്ട്രീയലാഭത്തിനായാണ് ശ്രമിക്കുന്നതെന്നേ എനിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളു.
എല്ലാവരും മനസ്സിലാക്കേണ്ടത് കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. അത് ഈ നാട്ടിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക്, ഏറ്റവും നല്ല കാര്യമാകുമെന്നും വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടയാളാണ് ഞാന്‍,’ അബ്ദുറഹിമാന്‍ പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നാലെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്ന് വിജയിച്ച സി.പി.ഐ.എം സ്വതന്ത്രന്‍ വി. അബ്ദുറഹിമാന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. മെയ് 20 ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസമിറങ്ങിയ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയിലുംഅബ്ദുറഹിമാന് ന്യൂനപക്ഷ-പ്രവാസിക്ഷേമ വകുപ്പുകള്‍ നല്‍കാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത്. ന്യൂനപക്ഷ വകുപ്പ് സമുദായക്കാരില്‍ നിന്ന് മാറ്റിയത് ഇന്‍സള്‍ട്ടാണെന്നാണ് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
‘ഒരു മന്ത്രിക്ക് എന്ത് വകുപ്പ് കൊടുത്തു കൊടുത്തില്ല എന്നതല്ല, കൊടുത്തിട്ട് തിരിച്ചെടുത്തു എന്നതാണ്. തിരിച്ചെടുക്കാനുള്ള കാരണം ബന്ധപ്പെട്ട ഒരു സമുദായം കൈകാര്യം ചെയ്യുന്നത് ശരിയല്ല എന്നതുകൊണ്ടാണെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നില്‍ ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദമാണെന്നും കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു. നേരത്തെ കേരളത്തിലെ ന്യൂനപക്ഷ വകുപ്പ് എല്ലാക്കാലത്തും ലീഗും മുസ്ലീം മന്ത്രിമാരുമാണ് ഏറ്റെടുത്ത് നടത്തുന്നതെന്നും മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാറില്ലെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കമുള്ളവര്‍ പ്രചരണം നടത്തിയിരുന്നത്.
ഈ പ്രചരണം കത്തോലിക്ക സഭ അടക്കമുള്ള വിവിധ ക്രൈസ്തവ സഭകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ദീപിക ദിനപത്രത്തില്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ച് മുഖപ്രസംഗവും വന്നിരുന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പതിവായി ലീഗിനാണെന്നും അതുവഴി ന്യൂനപക്ഷ ആനൂകൂല്യങ്ങള്‍ അടക്കമുളളവ ഒരു പ്രത്യേക മതവിഭാഗം മാത്രം കൈവശപ്പെടുത്തുന്നു എന്നുമായിരുന്നു ചങ്ങനാശ്ശേരി അതിരൂപതയടക്കം പലപ്പോഴായി ഉന്നയിച്ചത്. ഇതിന്റെ പേരിലാണ് സഭ യു.ഡി.എഫിനോട് അകന്നതും.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കെ.ടി ജലീലിന് നല്‍കിയതിലും സീറോ മലബാര്‍ സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഏതു സര്‍ക്കാര്‍ വന്നാലും ന്യൂനപക്ഷ ക്ഷേമം ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി തീറെഴുതി കൊടുക്കുന്നു എന്നായിരുന്നു ആക്ഷേപം. ഇപ്പോള്‍ മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെ.സി.ബി.സിയുടെ പ്രതികരണം. മറ്റ് സഭകളും പരോക്ഷമായി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാല്‍ ഏതെങ്കിലും വിഭാഗത്തിന്റെ സമ്മര്‍ദ്ദം കൊണ്ടല്ല വകുപ്പ് താന്‍ ഏറ്റെടുത്തതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്‌ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ലെന്നും സഭാ നേതൃത്വം പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുവില്‍ ഉള്ള ആലോചനയുടെ ഭാഗമായാണ് ന്യൂനപക്ഷം മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തത് മുസ്‌ലിം ലീഗ് എതിര്‍ത്തിരുന്നല്ലോ എന്ന ചോദ്യത്തിന് മുസ്‌ലിം ലീഗല്ലല്ലോ വകുപ്പ് നിശ്ചയിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
അതേസമയം ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ പിന്തുണച്ചുകൊണ്ട് മുസ്‌ലിം സമുദായ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വകുപ്പ് ക്രൈസ്തവ വിഭാഗക്കാരായ ഏതെങ്കിലും മന്ത്രിയ്ക്ക് നല്‍കിയാലും തങ്ങള്‍ക്ക് പരാതിയില്ലെന്നാണ് എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി അല്‍ ബുഖാരി പ്രതികരിച്ചത്.
‘മുഖ്യമന്ത്രി കൈകാര്യം ചെയ്താലും ക്രിസ്തീയനായ മന്ത്രി കൈകാര്യം ചെയ്താലും ഈ വകുപ്പിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കൃത്യമായി പരിശോധിച്ച് അനീതി ഉണ്ടായിട്ടുണ്ടോ ഇല്ലേ എന്ന് വസ്തുനിഷ്ഠമായി പൊതുജന സമക്ഷം അവതരിപ്പിക്കണം’ എന്നും ഷൗക്കത്ത് നഈമി അല്‍ ബുഖാരി ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ പിന്തുണ പ്രഖ്യാപിച്ച് കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. ചില വിഭാഗങ്ങളെ പ്രത്യേക വകുപ്പുകളിലേക്ക് ചുരുക്കുന്ന സ്ഥിരം കാഴ്ചകള്‍ക്ക് പകരം അവര്‍ക്ക് പൊതു വകുപ്പുകള്‍ നല്‍കി, ആ അര്‍ത്ഥത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത് നല്ല കാര്യമാണെന്നാണ് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
‘മന്ത്രിസഭാ രൂപീകരണത്തില്‍ ചില പ്രത്യേക സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ചില പ്രത്യേക വകുപ്പുകളിലേക്ക് മാത്രം പരിഗണിക്കുന്ന ഒരു പ്രവണത കാലങ്ങളായി കണ്ടുവരാറുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ ചില നീക്കങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ തയ്യാറാവുകയും വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്, പൊതു എന്നു കരുതപ്പെടുന്ന പോര്‍ട്ട് ഫോളിയോകള്‍ കൊടുത്തു എന്നതും നല്ല കാര്യമാണ്. ഈ അര്‍ഥത്തില്‍ കൂടിയാണ്, പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യാന്‍ എടുത്ത തീരുമാനത്തെ കാണുന്നത്,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും പുകമറകളും മാറ്റാനും, അവയെ അടിസ്ഥാനമാക്കി ശക്തിപ്പെടാന്‍ ശ്രമിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനും ഇത് സഹായിക്കുമെങ്കില്‍, അതിന്റെ വലിയ ഗുണഭോക്താക്കള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ആയിരിക്കും എന്നതില്‍ സംശയമില്ല. മാത്രവുമല്ല, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ തീര്‍ക്കാനും വിശദീകരികരണങ്ങള്‍ നല്‍കാനും വേണ്ടി മുസ്‌ലിം സമുദായം കാലങ്ങളോളമായി ചെലവിട്ടു പോരുന്ന വലിയ സമയവും ഊര്‍ജ്ജവും മറ്റു മേഖലകളിലേക്ക് മാറ്റാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നേരത്തെ തന്നെ ന്യൂനപക്ഷ വകുപ്പിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നുള്ള കണക്കുകളും പുറത്തുവന്നിരുന്നു. കേന്ദ്രത്തിന്റെ പതിനഞ്ചിന പരിപാടിയിലെ നിര്‍ദേശങ്ങള്‍ മുഖ്യമായും പിന്നോക്ക ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് മാത്രമായുള്ളതാണ്. കേരളത്തില്‍ മുഴുവന്‍ മുസ്ലീങ്ങളേയും പിന്നോക്ക വിഭാഗമായിട്ടാണ് പരിഗണിച്ചുവരുന്നത്.
ക്രിസ്ത്യന്‍ സമുദായത്തിലെ ലാറ്റിന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ആംഗ്ലോ ഇന്ത്യന്‍സ് മുതലായവരാണ് പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ക്രിസ്ത്യന്‍ സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ക്ക് മുന്നോക്ക കോര്‍പറേഷനില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനൊപ്പം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്നോക്ക സംവരണവ്യവസ്ഥ പ്രകാരം 10 ശതമാനം സംവരണവും നല്‍കിവരുന്നു.