| Tuesday, 29th November 2022, 12:26 pm

താഴുന്നതിന് ഒരു പരിധിയുണ്ട്, വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല: ഫിഷറീസ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍. വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാന്‍ രാജ്യസ്‌നേഹമുള്ള ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് താഴുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിലെത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ട് പോകാനല്ലെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പ്രചാരണാര്‍ഥം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പദ്ധതിയുടെ നിര്‍മാണം വേഗത്തില്‍ നടക്കുന്നു. കാലാവസ്ഥ വ്യതിയാനം കേരള തീരത്തെയും ബാധിച്ചു. രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പോര്‍ട്ട് വരണം എന്നാണ് ആഗ്രഹം. പോര്‍ട്ട് വരണം എന്ന് കേരളം ഒന്നിച്ചു ആഗ്രഹിച്ചതാണ്. നിര്‍മാണം പകുതി കഴിയുമ്പോള്‍ നിര്‍ത്തവെക്കണം എന്ന് പറയാന്‍ രാജ്യത്തിന് കഴിയില്ല.

ഒരാഴ്ചയെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും ഇത് സര്‍ക്കാരിന്റെ വാക്കാണ്. ഒരു തൊഴിലാളിയുടെ പോലും ഒരിറ്റ് കണ്ണീര്‍ വീഴാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല, ഇത് എല്ലാവരും മനസിലാക്കണം.

സംസ്ഥാനത്ത് ഇതിലും വലിയ തടസം നീക്കിയിട്ടുണ്ട്. ഗെയില്‍ പദ്ധതിക്ക് എതിരെ റോഡില്‍ മുസല്ല ഇട്ട് നമസ്‌കരിച്ചു. എന്നിട്ടും പദ്ധതി നടപ്പാക്കി. ഒരു സര്‍ക്കാരിന് താഴാവുന്നതിന് പരിധി ഉണ്ട്. അതിനപ്പുറം പോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. എല്‍.ഡി.എഫ് സര്‍ക്കാരിനും കഴിയില്ല.

ഒരു മന്ത്രിക്കും എം.എല്‍.എയ്ക്കും വീട്ടില്‍ കൊണ്ടുപോകാന്‍ അല്ല പദ്ധതി. കോടതി പറഞ്ഞ പോലെ ഒരു മിനിട്ട് കൊണ്ട് ചെയ്യാം. പക്ഷെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയാണ്. പദ്ധതി എന്തായാലും വരും. ഇത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്.

കുറച്ച് ആളുകള്‍ വിചാരിച്ചാല്‍ നാടിന്റെ വികസനം തടസപ്പെടുമെങ്കില്‍ ഇവിടെ സര്‍ക്കാര്‍ ഒന്നും വേണ്ടല്ലോ. കുറച്ച് ആളുകളും പത്ത് ഗുണ്ടകളും മതിയല്ലോ. സമരം ചെയ്യുന്നവര്‍ തന്നെ ആണ് ആദ്യം പച്ചക്കൊടി കാട്ടിയത്.

വികസനകാര്യത്തില്‍ നിന്ന് പിന്നോട്ട് അടിച്ചാല്‍ സംസ്ഥാനം ആകും പിന്നോട്ട് പോകുന്നത്. ഹാപ്പിനക്‌സ് ഇന്‍ഡക്‌സിലേക്കാണ് കേരളം പോകുന്നത്. സന്തോഷത്തോടെ ജീവിക്കുന്ന നാടാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കി സമരത്തില്‍ നിന്നും പിന്മാറണം,’ മന്ത്രി പറഞ്ഞു.

2023 സെപ്തംബറില്‍ മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിലും പറഞ്ഞു.

പദ്ധതിക്കായി മത്സ്യതൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടിവന്നിട്ടില്ല. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിര്‍മാണം. തീരശോഷണത്തിന് കാരണം തുറമുഖമല്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, സെമിനാര്‍ ഉദ്ഘാടനം ചെയ്യാനിരുന്ന മുഖ്യമന്ത്രി പരിപാടി ഒഴിവാക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം പ്രശ്‌ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.

ഇതിനിടെ, സമരക്കാരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും കേന്ദ്രസേനയെ കൊണ്ടുവരണമെന്നാവശ്യവുമായി ബി.ജെ.പിയും സജീവമാണ്. സമരക്കാരെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി എം.പിയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കണ്ടാലറിയുന്ന 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടെഞ്ഞുവെക്കുക, കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Content Highlight: Minister V Abdurahiman on Vizhinjam Project

We use cookies to give you the best possible experience. Learn more