ന്യൂദല്‍ഹി:തന്നെക്കുറിച്ച് നല്‍കിയ വാര്‍ത്ത പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ടെലിഗാഫിന്റെ മലയാളി പത്രാധിപരെ ഭീഷണിപ്പെടുത്തിയും തെറിവിളിച്ചും കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ. ടെലിഗ്രാഫിന്റെ മലയാളി എഡിറ്റര്‍ രാജഗോപാലിനെയാണ് മന്ത്രി ഭീഷണിപ്പെടുത്തിയത്.
എന്നാല്‍ ഭീഷണിക്കുവഴങ്ങാതിരുന്ന ടെലിഗ്രാഫ് എഡിറ്റര്‍ മന്ത്രിയുടെ തെറിയും ഭീഷണിയും മറ്റൊരു വാര്‍ത്തയാക്കി നല്‍കുകയും ചെയ്തു.
പശ്ചിമബംഗാളിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളുമായുള്ള സംഘര്‍ഷത്തിനിടയ്ക്ക് വിദ്യാര്‍ഥിയുടെ കഴുത്തിന് പിടിച്ച ചിത്രം മുന്‍പേജില്‍ കൊടുത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തന്നെക്കുറിച്ച് തെറ്റായി നല്‍കിയ വാര്‍ത്ത പിന്‍വലിക്കാനും ക്ഷമാപണം നടത്താനുമായിരുന്നു മന്ത്രിയുടെ ആവശ്യം. എന്നാല്‍ വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ചിത്രം മാത്രമാണ് നല്‍കിയതെന്നും മാപ്പു പറയില്ല എന്നും രാജഗോപാല്‍ മറുപടി പറഞ്ഞു.
ഇത് കേട്ട സുപ്രിയോ താന്‍ കേന്ദ്രമന്ത്രിയാണെന്ന കാര്യം താന്‍ ഓര്‍ക്കണമെന്ന് പറഞ്ഞാണ് രാജഗോപാലിനെ ഭീഷണിപ്പെടുത്തിയത്. കേന്ദ്രമന്ത്രിയാണെന്നത് വിഷയമല്ലെന്നും ഞാനും ഇന്ത്യന്‍ പൗരനാണെന്ന് മറുപടി പറഞ്ഞ തന്നെ തെറി പറഞ്ഞെന്നാണ് രാജഗോപാല്‍ പറയുന്നത്.
തുടര്‍ന്ന് ബാബുല്‍ സുപ്രിയോയുടെ ഭീഷണിയും തെറിയും ടെലിഗ്രാഫ് മറ്റൊരു വാര്‍ത്തയാക്കി നല്‍കുകയും ചെയ്തു.
അധികാരമുള്ളവന്‍ ഇങ്ങനെ തങ്ങളുടെ അധികാരസ്ഥാനം ഓര്‍മിപ്പിക്കുന്നത് സ്വാധീനിക്കാനാണ് ഇതിന് വഴങ്ങാനാകില്ലെന്നും പത്രത്തെക്കുറിച്ച് വല്ല ആക്ഷേപവുമുണ്ടെങ്കില്‍ അതിന് നിയമനടപടിയോ അല്ലെങ്കില്‍ അതിന്റെ മറുവാദം നല്‍കുകയോ ആണ് വേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു.
ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബാബുല്‍ സുപ്രിയോയെ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി ഉണ്ടായ തര്‍ക്കം കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.