| Saturday, 4th February 2023, 6:11 pm

തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകള്‍; കുറിപ്പ് പങ്കുവെച്ച് മന്ത്രി ശിവന്‍കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ആറു വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന ഭാവനയ്ക്ക് ആശംസാപോസ്റ്റിട്ട് മന്ത്രി വി ശിവന്‍കുട്ടി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടുവെന്നും, സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസ എന്നാണ് ശിവന്‍ കുട്ടിയുടെ പോസ്റ്റ്.

പോസ്റ്റിന് മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് ആശംസയുമായെത്തിയത്. നേരത്തെ മലയാള സിനിമയില്‍ നിന്നും മാറി നിന്ന ഭാവന ഐ.എഫ്.എഫ്.കെ വേദിയില്‍ അപ്രതീക്ഷിത അതിഥിയായെത്തിയിരുന്നു.

‘ഒരിടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു. ഏറെ സന്തോഷം. സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകള്‍…’ എന്നായിരുന്നു ശിവന്‍കുട്ടിയുടെ കുറിപ്പ്.

ഐ.എഫ്.എഫ്.കെ വേദിയിലെത്തിയ ഭാവന മലയാളത്തിന് തിരിച്ചു വരവ് സന്ദേശം നല്‍കിയപ്പോള്‍ പുതിയ ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഈ മാസം 17 ന് തിയേറ്ററിലെത്തുകയാണ്.

ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്.

അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഭാവന, ഷറഫുദ്ദീന്‍, അനാര്‍ക്കലി നാസര്‍, അഫ്സാന ലക്ഷ്മി, ഷെബിന്‍ ബെന്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്സ് ഇ കുര്യന്‍, പ്രൊജക്ട് കോഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്.

content highlight: minister sivankutty wished bavana’S come back

We use cookies to give you the best possible experience. Learn more