തിരുവനന്തപുരം: അമ്മായിയപ്പന്‍ മുഖ്യമന്ത്രിയായതുകൊണ്ടാണ് മുഹമ്മദ് റിയാസ് മന്ത്രിയായതെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടി. ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ടും തിരഞ്ഞെടുപ്പിലൂടെ മന്ത്രിയാകാനുള്ള യോഗ്യത നേടാന്‍ കഴിയാത്ത ആളാണ് മുരളീധരനെന്നും താങ്കളെ മത്സരിപ്പിച്ചാല്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് കേന്ദ്രത്തിലിരിക്കുന്നവര്‍ക്കും നന്നായി അറിയാമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ റിയാസ് ഇവിടെയുണ്ടെന്നും വിദ്യാര്‍ത്ഥികാലഘട്ടം മുതല്‍ സജീവരാഷ്ട്രീയപ്രവര്‍ത്തകനായി നിന്നുകൊണ്ട് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ കാവലാളായി നിന്ന പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്നും ശിവന്‍കുട്ടി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലൂടെ റിയാസ് ദേശീയ ശ്രദ്ധ നേടിയെന്നും ഹരിയാനയില്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് കേരള സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാന്‍ മുന്‍കൈയെടുത്തന്നും തമിഴ്‌നാട്ടില്‍ ജാതിവെറിയന്മാര്‍ വധിച്ച അശോകിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇങ്ങനെ നാലാള്‍ കേട്ടാല്‍ കൊള്ളാം എന്ന് പറയാവുന്ന എന്തെങ്കിലുമൊരു രാഷ്ട്രീയ ചരിത്രം വി. മുരളീധരന് ഉണ്ടോയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവന്‍കുട്ടി ചോദിച്ചു.
ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മിസ്റ്റര്‍ വി മുരളീധരന്‍,
മുഹമ്മദ് റിയാസ് ചോദിച്ചത് കേരളത്തിന് താങ്കളോട് ചോദിക്കാനുള്ള ചോദ്യമാണ്. ഉത്തരമുണ്ടോ?
കേരളത്തില്‍ ജനിച്ചു വളര്‍ന്ന വി. മുരളീധരന്‍ ഇന്നുവരെ കേരളത്തിന്റെ വികസന കാര്യത്തില്‍ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല എന്നാണ് ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞത്. അതിന് മുരളീധരന്‍ പറഞ്ഞ മറുപടി റിയാസിനെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ടായിരുന്നു. ആരാണ് റിയാസ് എന്ന് താങ്കള്‍ക്കിനിയും മനസിലായിട്ടില്ലെന്ന് തോന്നുന്നു.
ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ടും തിരഞ്ഞെടുപ്പിലൂടെ മന്ത്രിയാകാനുള്ള യോഗ്യത നേടാന്‍ കഴിയാത്ത ആളാണ് താങ്കള്‍. താങ്കളെ മത്സരിപ്പിച്ചാല്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് കേന്ദ്രത്തിലിരിക്കുന്നവര്‍ക്കും നന്നായി അറിയാം. ആ മുരളീധരന്‍, റെക്കോഡ് ഭൂരിപക്ഷത്തില്‍ ബേപ്പൂരിലെ ജനങ്ങള്‍ വിജയിപ്പിച്ച മുഹമ്മദ് റിയാസിനെ കുറിച്ചാണ് അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചത്.
സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ റിയാസ് ഇവിടെയുണ്ട്. ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെ, സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം വരെ അങ്ങനെ വിദ്യാര്‍ത്ഥികാലഘട്ടം മുതല്‍ സജീവരാഷ്ട്രീയ പ്രവര്‍ത്തകനായി നിന്നുകൊണ്ട് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ കാവലാളായി നിന്ന പാരമ്പര്യമാണ് റിയാസിനുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മുഹമ്മദ് റിയാസ് ദല്‍ഹിയിലും മുംബൈയിലും അറസ്റ്റിലായിരുന്നു. ഹരിയാനയില്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് കേരള സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാന്‍ മുന്‍കയ്യെടുത്തതും റിയാസാണ്. തമിഴ്‌നാട്ടില്‍ ജാതിവെറിയന്മാര്‍ വധിച്ച അശോകിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കി.
ഇങ്ങനെ നാലാള്‍ കേട്ടാല്‍ കൊള്ളാം എന്ന് പറയാവുന്ന എന്തെങ്കിലുമൊരു രാഷ്ട്രീയ ചരിത്രം വി. മുരളീധരന് ഉണ്ടോ?
റിയാസ് ചോദിച്ചത് കേരളത്തിന് താങ്കളോട് ചോദിക്കാനുള്ള ചോദ്യമാണ്. എന്തിനാണ് ഇങ്ങനെയൊരു കേന്ദ്രമന്ത്രി? താങ്കള്‍ എന്താണ് ഈ കേരളത്തിന് വേണ്ടി കേന്ദ്രത്തിലിരുന്ന് ചെയ്യുന്നത്? അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അതിനുള്ള ഉത്തരമാണ് കേരളം പ്രതീക്ഷിക്കുന്നത്.
Content Highlight: Minister Sivankutty responded to Muralidharan’s remarks on Muhammed Riyas