Kerala News
ഇന്ത്യക്കെതിരായി പ്രവര്‍ത്തിച്ച സര്‍ സി.പിയെ ബി.ജെ.പി വെളുപ്പിച്ചെടുക്കുന്നു; ജാവദേക്കറിന് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യക്കെതിരായി പ്രവര്‍ത്തിച്ച സി.പി. രാമസ്വാമി അയ്യരെ ബി.ജെ.പി ദേശീയ നേതാവ് വെളുപ്പിച്ചെടുക്കാന്‍ ശ്രമം നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ബി.ജെ.പി. ദേശീയ നേതാവ് പ്രകാശ് ജാവദേക്കറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സി.പി. രാമസ്വാമി അയ്യര്‍ മഹാനായ ഭരണാധികാരി ആണെന്നാണ് ബി.ജെ.പി. നേതാവ് പറയുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്ന ഘട്ടം വന്നപ്പോള്‍ ഇന്ത്യയിലോ പാകിസ്താനിലോ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി ഒരു രാജ്യമാക്കി നിര്‍ത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
സര്‍ സി.പിയുടെ നീക്കങ്ങള്‍ക്ക് പാകിസ്താന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. പാക് പിന്തുണയോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായി പ്രവര്‍ത്തിച്ച സര്‍ സി.പിയെയാണ് ബി.ജെ.പിയുടെ ദേശീയ നേതാവ് ഇപ്പോള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമം നടത്തുന്നതെന്നും മന്ത്രി വാര്‍ത്താ കുറിപ്പിലൂടെ വിമര്‍ശിച്ചു.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന ജാവേദ്കറിന്റെ ആരോപണത്തെയും മന്ത്രി ശിവന്‍കുട്ടി ശക്തമായി വിമര്‍ശിച്ചു.
‘മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. മുഖ്യമന്ത്രി സംസാരിക്കുന്നത് തീവ്രവാദിയുടെ ഭാഷയിലാണെന്നാണ് ഗവര്‍ണറുടെ ആക്ഷേപം. മുഖ്യമന്ത്രിക്ക് എന്നും തുണ അക്രമം ആണെന്നാണ് മറ്റൊരു പരാമര്‍ശം. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിലൂടെ അവഹേളിക്കുന്നത് അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളെയാണ്,’ ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗവര്‍ണറെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നുമുണ്ട്. ബഹുമാനപ്പെട്ട ഗവര്‍ണര്‍ അതിന്റെ ചട്ടുകം ആകരുത് എന്നാണ് പറയാനുള്ളതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തിലെ സി.പി.ഐ.എം സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നാണ് ബി.ജെ.പി കേരളപ്രഭാരി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ഒരു ഭരണഘടനാ പദവിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐഎമ്മും മനസിലാക്കണം. ഭരണഘടനയില്‍ ഗവര്‍ണറുടെ പദവിയെ പറ്റി കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സി.പി.ഐ.എം അത് എല്ലാം നിഷേധിക്കുകയാണ്. ഗവര്‍ണറുടെ അധികാരത്തെ പറ്റി സി.പി.ഐ.എം തിരിച്ചറിയുന്നില്ല. മുഖ്യമന്ത്രി ഗവര്‍ണറെ പേര് വിളിച്ച് അഭിസംബോധന ചെയ്യുകയാണെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.
‘വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണ്. 1947ല്‍ സര്‍ സി.പി. രാമസ്വാമിയെ വധിക്കാന്‍ ശ്രമിച്ചത് ഗവര്‍ണര്‍ ഓര്‍മ്മിക്കണമെന്നാണ് ശിവന്‍കുട്ടി പറയുന്നത്. ജനാധിപത്യ സ്‌നേഹികള്‍ക്ക് അംഗീകരിക്കാനാവാത്ത വാക്കുകളാണിത്. ഗവര്‍ണറെ രാജ്ഭവന്‍ വളഞ്ഞ് ഘരാവൊ ചെയ്യുമെന്നാണ് എം.വി. ഗോവിന്ദന്‍ പറയുന്നത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി കോണ്‍ഗ്രസ് ഉദ്ഘാടനസഭയില്‍ ഗവര്‍ണറെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. അന്ന് ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവരെ രക്ഷപ്പെടുത്തിയത് രാജ്യസഭാംഗമായ കെ.കെ. രാഗേഷാണ്. അദ്ദേഹത്തെ പേഴ്‌സണല്‍ സെക്രട്ടറിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്,’ എന്നും പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മന്ത്രി വി. ശിവന്‍കുട്ടിയുടെ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം:
ബി.ജെ.പി ദേശീയ നേതാവും കേരള പ്രഭാരിയുമായ ശ്രീ. പ്രകാശ് ജാവദേകര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി സര്‍ക്കാരിനെയും സി.പി.ഐ.എമ്മിനെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും എന്നെയും വിമര്‍ശിച്ചതായി അറിയുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഗവര്‍ണര്‍ അതിന്റെ ചട്ടുകം ആകരുത് എന്നാണ് പറയാനുള്ളത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ തിരഞ്ഞെടുത്തവരാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. മുഖ്യമന്ത്രി സംസാരിക്കുന്നത് തീവ്രവാദിയുടെ ഭാഷയിലാണെന്നാണ് ബഹുമാനപ്പെട്ട ഗവര്‍ണറുടെ ആക്ഷേപം. മുഖ്യമന്ത്രിക്ക് എന്നും തുണ അക്രമം ആണെന്നാണ് മറ്റൊരു പരാമര്‍ശം. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിലൂടെ അവഹേളിക്കുന്നത് അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളെയാണ്.
ഞാന്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരെ കുറിച്ച് പറയുകയുണ്ടായി. അത് ഒരു ഏകാധിപതിയുടെ ചരിത്രം ഓര്‍മിപ്പിച്ചതാണ്.
സി.പി രാമസ്വാമി അയ്യര്‍ മഹാനായ ഭരണാധികാരി ആണെന്നാണ് ബി.ജെ.പി നേതാവ് പറയുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്ന ഘട്ടം വന്നപ്പോള്‍ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി ഒരു രാജ്യമാക്കി നിര്‍ത്താന്‍ ആയിരുന്നു സി.പി. രാമസ്വാമി അയ്യരുടെ ശ്രമം.
സി.പി രാമസ്വാമി അയ്യരുടെ നീക്കങ്ങള്‍ക്ക് പാകിസ്താന്റെ പിന്തുണയുണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട്. പാകിസ്ഥാന്‍ പിന്തുണയോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായി പ്രവര്‍ത്തിച്ച സി.പി. രാമസ്വാമി അയ്യരെയാണ് ബി.ജെ.പിയുടെ ദേശീയ നേതാവ് ഇപ്പോള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമം നടത്തുന്നത്.
ഗവര്‍ണറെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നുമുണ്ട്.
Content Highlight: Minister Sivankutty Against BJP Leader Prakash Javadekar