ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകുമെന്ന് പാക് റെയില്‍വേ മന്ത്രി
ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകുമെന്ന് റഷീദ് അഹമ്മദ് ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 രദ്ദാക്കിയ ശേഷം പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന.
കറാച്ചിക്ക് സമീപം മിസൈല്‍ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി പാകിസ്താന്‍ വ്യോമസേനക്ക് മുന്നറിയിപ്പ് നല്‍കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുമായുള്ള വ്യോമപാത പൂര്‍ണമായും അടച്ച് അഫ്ഗാനിസ്ഥാനിലേക്കുള്ള വ്യാപാരം നിര്‍ത്തുമെന്നും പാക് മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന.
അഫ്ഗാനിസ്താനിലേക്ക് പാകിസ്താനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരം തടയുന്നതും പരിഗണനയിലുണ്ടെന്നും പാക് ശാസ്ത്ര സാങ്കേതിക മന്ത്രിയായ ഹുസൈന്‍ വ്യക്തമാക്കിയിരുന്നു.
മോദി ആരംഭിച്ചു ഞങ്ങള്‍ പൂര്‍ത്തീകരിക്കും എന്ന് ഹാഷ്ടാഗോടു കൂടിയായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ‘ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണ്ണമായും അടച്ചിടുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണ്. അഫ്ഗാനിസ്താനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ പാകിസ്താന്റെ റോഡുകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഈ തീരുമാനങ്ങള്‍ക്ക് നിയമപരമായ നടപടിക്രമങ്ങള്‍ ആലോചിച്ച് വരികയാണെന്നും’ ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തിരുന്നു.
ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു.
സെപ്തംബര്‍ 27 ന് യു.എന്‍ പൊതുസഭയില്‍ താന്‍ സംസാരിക്കുമെന്നും കശ്മീര്‍ വിഷയം അവിടെ ഉന്നയിക്കുമെന്നും ആഴ്ച്ചയില്‍ ഒരു ദിവസം, അതായത് എല്ലാ വെള്ളിയാഴ്ച്ചയും പാകിസ്താനികള്‍ വീടിന് പുറത്തിറങ്ങി കശ്മീരികളോട് ഐക്യപ്പെടണമെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരുന്നു.
‘പ്രശ്നം യുദ്ധത്തിലേക്കെത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളുടെയും കൈവശം ആണവായുധമുണ്ടെന്നത് ഓര്‍ക്കുക. ആണവയുദ്ധത്തില്‍ ആരും വിജയിക്കുകയില്ല. ലോകത്തിലെ ആഗോളശക്തികള്‍ക്ക് കുറച്ച് ഉത്തരവാദിത്തങ്ങളുണ്ട്. അവര്‍ നമ്മളെ പിന്തുണച്ചില്ലെങ്കില്‍ പാകിസ്താന്‍ ഏതറ്റം വരെയും പോകുമെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരുന്നു.