| Thursday, 21st June 2018, 9:35 am

സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭാവിയില്‍ സംസ്‌കൃതം വേണ്ടിവരും: കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ കോഡിങ്ങ് ഭാഷയായി ഭാവിയില്‍ ഉപയോഗിക്കപ്പെടാന്‍ പോകുന്നത് സംസ്‌കൃതമാണെന്ന് കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ. കൊല്‍ക്കത്ത ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പ്രഭാഷണത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അല്‍ഗോരിതങ്ങളെഴുതാന്‍ സംസ്‌കൃതമാണ് നല്ലതെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്.

“രാജ്യത്ത് ഇംഗ്ലീഷ് ഭാഷയോടുള്ള വിധേയത്വം വളരെയേറെയാണ്. എന്നാല്‍, ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ സംസ്‌കൃതത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ പ്രോഗ്രാമിങ് ചെയ്യാനായി സംസ്‌കൃതമാണ് ഉപയോഗിക്കാന്‍ പോകുന്നത്.” ഹെഡ്‌ഗെ പറയുന്നു.

സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലെ വികാസത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഏക ഭാഷ സംസ്‌കൃതമാണെന്നാണ് മന്ത്രിയുടെ പക്ഷം. “നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, അടുത്ത ജനറേഷനിലെ സാങ്കേതികവിദ്യയ്ക്കനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ സംസ്‌കൃതത്തിനു മാത്രമേ സാധിക്കുകയുള്ളൂ. ഇന്നുള്ള ടെക്‌നോളജിക്ക് ഇംഗ്ലീഷ് പരിജ്ഞാനം മതിയായേക്കും. എന്നാല്‍, സൂപ്പര്‍ കമ്പ്യൂട്ടറടക്കം നാളത്തെ പല സാങ്കേതികവിദ്യകളും സംസ്‌കൃതത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകാന്‍ പോകുന്നത്.” ഹെഡ്‌ഗെ പറയുന്നു.


Also Read:അഭയാര്‍ത്ഥി കുഞ്ഞുങ്ങളെ തടവിലിട്ടിരിക്കുന്ന സംഭവം; ബ്രേക്കിംഗ് ന്യൂസ് വായിക്കുന്നതിനിടെ കരച്ചിലടക്കാനാവാതെ വാര്‍ത്താവതാരക (വീഡിയോ)


അലോപ്പതി മരുന്നുകള്‍ ഉപേക്ഷിച്ച് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആയുര്‍വേദ മരുന്നുകളിലേക്ക് മാറാനും മന്ത്രി ആഹ്വാനം ചെയ്യുന്നുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിചികിത്സയിലേക്ക് സാവധാനം എല്ലാവരും എത്തിച്ചേരും എന്നും അദ്ദേഹം പറഞ്ഞു.

ഐ.എ.എസിനും ഐ.പി.എസിനും തുല്യമായി ഇന്ത്യന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആദ്യത്തെ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കാന്‍പൂരില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടിട്ടുണ്ടെന്നും, എല്ലാ സംസ്ഥാനത്തും ഇത്തരം സ്ഥാപനങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

We use cookies to give you the best possible experience. Learn more