| Wednesday, 6th July 2022, 12:13 pm

ഭരണഘടനാ വിരുദ്ധ പ്രസംഗം; തല്‍ക്കാലം രാജിയില്ലെന്ന് സജി ചെറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ അപമാനിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം രാജി വെക്കേണ്ടതില്ലെന്ന് സി.പി.ഐ.എമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്.

അല്‍പസമയം മുമ്പ് എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സി.പി.ഐ.എം അവയ്‌ലെബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. സജി ചെറിയാനും യോഗത്തിനെത്തിയിരുന്നു.

മന്ത്രിക്കെതിരെ കോടതിയില്‍ കേസുകളൊന്നും എത്തിയിട്ടില്ലെന്നും സി.പി.ഐ.എം നേതൃത്വം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും മറ്റ് കോണുകളില്‍ നിന്നും സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ താനെന്തിന് രാജി വെക്കണം, എന്ത് തെറ്റാണ് ചെയ്തത് എന്ന തരത്തിലായിരുന്നു സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേ മറുപടി തന്നെയാണ് എ.കെ.ജി സെന്ററില്‍ നിന്നും പുറത്തേക്ക് പോകവേ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി ആവര്‍ത്തിച്ചത്.

പത്തനംതിട്ടയില്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളിയില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. തൊഴിലാളികള്‍ക്ക് ഭരണഘടന യാതൊരുവിധ സംരക്ഷണവും നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

‘ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യയില്‍ എഴുതിവെച്ചു, അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുകയാണ്.

ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. മുക്കിലും മൂലയിലും കുറച്ച് ഗുണങ്ങളിട്ടിട്ടുണ്ട് എന്ന് വേണമെങ്കില്‍ പറയാം. എന്നുവെച്ചാല്‍ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷെ, കൃത്യമായി ആളുകളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനുമാണിത്.

തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഈ രാജ്യത്ത് വളര്‍ന്നുവരുന്നത്. ഈ പണമെല്ലാം എവിടെ നിന്നാണ്. എട്ട് മണിക്കൂര്‍ ജോലി എന്ന് പറഞ്ഞ് സമരം ചെയ്തിട്ട്, ഇന്ന് നമ്മുടെ നാട്ടില്‍ 12ഉം 16ഉം 18ഉം 20ഉം മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഭരണഘടന അവര്‍ക്ക് സംരക്ഷണം കൊടുക്കുന്നുണ്ടോ,” എന്നായിരുന്നു സജി ചെറിയാന്റെ പറഞ്ഞത്.

Content Highlight: Minister Saji Cheriyan says he won’t resign immediately for anti- constitution comments

Latest Stories

We use cookies to give you the best possible experience. Learn more