നിലപാടിൽ ഉറച്ചുനിൽക്കുന്നു, 'വീഞ്ഞും കേക്കും' പരാമർശം വിഷമിപ്പിച്ചെങ്കിൽ പിൻവലിക്കാം: മന്ത്രി സജി ചെറിയാൻ
Kerala News
നിലപാടിൽ ഉറച്ചുനിൽക്കുന്നു, 'വീഞ്ഞും കേക്കും' പരാമർശം വിഷമിപ്പിച്ചെങ്കിൽ പിൻവലിക്കാം: മന്ത്രി സജി ചെറിയാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2024, 2:21 pm

കൊച്ചി: മോദി നടത്തിയ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരും ന്യൂനപക്ഷ അംഗങ്ങളും മണിപ്പൂർ വിഷയം ഉന്നയിച്ചില്ല എന്നതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

അതേസമയം ‘വീഞ്ഞും കേക്കും’ പരാമർശം പിൻവലിക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ മന്ത്രി സജി ചെറിയാൻ വിമർശിച്ചിരുന്നു. തുടർന്ന് ക്രിസ്ത്യൻ സഭകളിൽ നിന്നുള്ളവർ മന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു.

ക്രിസ്മസ് വിരുന്നിന് ബി.ജെ.പി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.

തന്റെ പ്രസ്താവന കേന്ദ്രമന്ത്രി വി. മുരളീധരന് നന്നായി കൊണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പാർട്ടിയുടെ തന്ത്രം പൊളിഞ്ഞെന്ന് അദ്ദേഹത്തിന് മനസിലായെന്നും സജി ചെറിയാൻ പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് തങ്ങൾക്കൊപ്പം നിർത്തി ഏതെങ്കിലും അവസരത്തിൽ അധികാരം കൈയാളാം എന്ന ദീർഘകാല പദ്ധതി ബി.ജെ.പി രൂപപ്പെടുത്തിയിട്ടുണ്ടെന്നും അത് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തിൽ ഉണ്ടാകുമോ എന്ന ആശങ്ക കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കുണ്ടെന്നും അതിൽ തങ്ങളുടെ നിലപാട് പറയാതെ കോൺഗ്രസും പ്രതിപക്ഷ നേതാവും തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിങ്ങൾക്കെതിരെ കള്ളത്തരങ്ങൾ ക്രൈസ്തവ ഭവനങ്ങളിൽ ചെന്ന് പറഞ്ഞ് മുസ്‌ലിങ്ങൾക്കെതിരെ ക്രൈസ്തവരെ കൂടെ നിർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്രൈസ്തവർക്ക് നേരെ കഴിഞ്ഞ വർഷം എഴുന്നൂറോളം ആക്രമണങ്ങൾ നടന്നതായി സജി ചെറിയാൻ പറഞ്ഞു.

രാജ്യത്ത് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യൻ വിഭാഗത്തിനെതിരെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവർക്കെതിരെയും മുസ്‌ലിങ്ങൾക്കെതിരെയും രാജ്യത്ത് ആക്രമണങ്ങൾ വർധിക്കുകയാണെന്നും മണിപ്പൂരിന്റെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Minister Saji Cheriyan says he is firm in his statement on bishops participating in Modi’s Christmas feast