പത്തനംതിട്ട: ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക ഭരണഘടന യാതൊരുവിധ സംരക്ഷണവും നല്‍കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയില്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഞാന്‍ പറയുന്നത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത് എന്നാണ്.
ബ്രിട്ടീഷുകാര്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യയില്‍ എഴുതിവെച്ചു, അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുകയാണ്. ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. മുക്കിലും മൂലയിലും കുറച്ച് ഗുണങ്ങളിട്ടിട്ടുണ്ട് എന്ന് വേണമെങ്കില്‍ പറയാം.
എന്നുവെച്ചാല്‍ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷെ, കൃത്യമായി ആളുകളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനുമാണിത്.
തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഈ രാജ്യത്ത് വളര്‍ന്നുവരുന്നത്. ഈ പണമെല്ലാം എവിടെ നിന്നാണ്.
പാവപ്പെട്ടവന്റെ അധ്വാനത്തില്‍ നിന്ന് ലഭിക്കുന്ന മിച്ച മൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട്, പാവങ്ങളെ ചൂഷണം ചെയ്ത്, അവര്‍ക്ക് ശമ്പളം കൊടുക്കാതെ, അവരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ പണം. എട്ട് മണിക്കൂര്‍ ജോലി എന്ന് പറഞ്ഞ് സമരം ചെയ്തിട്ട്, ഇന്ന് നമ്മുടെ നാട്ടില്‍ 12ഉം 16ഉം 18ഉം 20ഉം മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഭരണഘടന അവര്‍ക്ക് സംരക്ഷണം കൊടുക്കുന്നുണ്ടോ,” സജി ചെറിയാന്‍ പറഞ്ഞു.
കോടതികളെ വിമര്‍ശിച്ചുകൊണ്ടും പരിപാടിയില്‍ മന്ത്രി സംസാരിച്ചു. ഏതെങ്കിലും തൊഴിലാളി സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുമായി കോടതിയില്‍ എത്തിക്കഴിഞ്ഞാല്‍ മുതലാളികള്‍ക്ക് അനുകൂലമായ സമീപനമാണ് കോടതികളില്‍ നിന്ന് ഉണ്ടാകുന്നതെന്നും തൊഴിലാളികള്‍ക്ക് കോടതികളില്‍ നിന്നും നീതി കിട്ടുന്നില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
Content Highlight: Minister Saji Cheriyan’s comment against the constitution of India