തിരുവനന്തപുരം: സിനിമകളുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. സിനിമ തിയറ്ററില്‍ കാണിക്കേണ്ടതാണെന്നും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ കൊടുത്താല്‍ ഈ വ്യവസായം തകരുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തിയറ്ററിലാണെന്നും തിയറ്റര്‍ ഇല്ലാത്ത സമയത്താണ് ഒ.ടി.ടി യെ ആശ്രയിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയില്‍ അടച്ച തിയേറ്ററുകള്‍ ഇപ്പോള്‍ തുറന്നിരിക്കുകയാണ്. സിനിമകള്‍ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്നാണ്
സര്‍ക്കാര്‍ നിലപാട്.
മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു
അതേസമയം മരയ്ക്കാര്‍ തിയറ്ററിലോ ഒ.ടി.ടിയിലോ റിലീസ് ചെയ്യുകയെന്നതില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകും. റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകള്‍ നല്‍കണം എന്നതടക്കമുള്ള നിര്‍മ്മാതാക്കളുടെ ഉപാധികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ഫിയോക്ക് അടിയന്തര യോഗം ചേരും.
മരയ്ക്കാറിന്റെ റിലീസ് ഒ.ടി.ടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അടിയന്തര ഇടപടല്‍ വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ആവശ്യപ്പെട്ടത് പ്രകാരം ഫിലിം ചേംബര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.
ചേംബര്‍ പ്രസിഡണ്ട് ജി.സുരേഷ്‌കുമാര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തി. റിലീസ് സമയം ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ മരക്കാര്‍ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഫിയോക്ക് യോഗം.
എക്സിക്യൂട്ടീവ് യോഗം ആണ് ചേരുന്നത്. രാവിലെ 10 30 ന് കൊച്ചിയിലാണ് യോഗം. അതേസമയം ഇടവേളക്ക് ശേഷം മലയാള സിനിമ ഇന്ന് തിയറ്ററുകളിലെത്തി. ജോജു ജോര്‍ജ് ചിത്രം സ്റ്റാറാണ് ഒരിടവേളക്ക് ശേഷമുള്ള ആദ്യ തിയേറ്റര്‍ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്.