'പ്രസംഗിക്കാന്‍ തന്നെ പേടി, വള്ളി പുള്ളി തെറ്റിയാല്‍ പ്രശ്‌നം, ഇപ്പോള്‍ എഴുതിയാണ് സംസാരിക്കാറ്'
തിരുവനന്തപുരം: കേരളത്തില്‍ പ്രസംഗിക്കാന്‍ തന്നെ പേടിയാണെന്നും എന്ത് സംസാരിച്ചാലും വിവാദമാകുന്ന അവസ്ഥയാണെന്ന് മന്ത്രി സജി ചെറിയാന്‍. വള്ളിയോ പുള്ളിയോ തെറ്റിയാല്‍ പ്രശ്‌നമാകുന്ന കാലമാണിതെന്നും അതുകൊണ്ട് എഴുതി തയ്യാറാക്കിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവും മഹാകവി കുമരാനാശാന്റെ 150ാം ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സജി ചെറിയാന്റെ പ്രതികരണം.
‘എനിക്ക് സത്യം പറഞ്ഞാല്‍ പേടിയാണ്. ഒരു അക്ഷരം പറയാന്‍ പറ്റത്തില്ല. പറഞ്ഞുപോയാല്‍, വള്ളിയോ പുള്ളിയോ തെറ്റിപ്പോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ എഴുതിയാണ് ഞാന്‍ പറയാറുള്ളത്. കാരണം ഒരു വള്ളിതെറ്റിയാല്‍ ഏതെങ്കിലും ജാതി ബോധത്തിന്റെ ഭാഗമായി അത് ചര്‍ച്ച ചെയ്യും. എന്നെപ്പോലെ മതനിരപേക്ഷമായി ചിന്തിക്കുന്ന ഒരാള്‍ കേരളത്തിലുണ്ടോ.
ഇന്ത്യയില്‍ ഒരു രാവും പകലും കടന്നുപോകണമെങ്കില്‍ ഭയമാണ്. ഭയത്തോടെയാണ് പല നാട്ടിലും ആളുകള്‍ ജീവിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപങ്ങളും അക്രമങ്ങളുമുണ്ടാകുന്നു. എന്നാല്‍ കേരളം അതില്‍ നിന്ന് വ്യത്യസ്തമാണ്. പക്ഷേ സമീപ ഭാവിയില്‍ കേരളത്തിലും ഇത് പ്രതീക്ഷിക്കണം. അതിനെ അതിജീവിക്കണമെങ്കില്‍ വെള്ളാപ്പള്ളി നടേഷന്‍ നയിക്കുന്ന എസ്.എന്‍.ഡി.പി ഇവിടെ ശക്തി പ്രാപിക്കണം,’ സജി ചെറിയാന്‍ പറഞ്ഞു.
റോക്കറ്റ് വിട്ടാലും തേങ്ങാ ഉടക്കുന്ന കാലമാണിതെന്നും, വിദ്യാഭ്യാസം കൊണ്ട് ഗുണപരമായി മാറ്റങ്ങള്‍ കുറഞ്ഞുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏറ്റുവും വലിയ വര്‍ഗീയവാദിയാകുക, ഏറ്റവും നന്നായി ജാതി ചിന്തിക്കുക ഇവയൊക്കെയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങള്‍. റോക്കറ്റ് വിട്ടാലും തേങ്ങാ ഉടക്കും. എന്നിട്ട് ശാസത്രത്തെക്കുറിച്ച് പറയും.
വിശ്വസിച്ചാല്‍ നിങ്ങളുടെ മനസിന് സ്വസ്ഥതയുണ്ടെങ്കില്‍ ആയിക്കോട്ടെ. ഒരാള്‍ക്ക് അസുഖം വന്നാല്‍ പ്രാര്‍ത്ഥന നടത്തി ആശുപത്രിയില്‍ പോയാല്‍ അവിടെ വിശ്വാസവും ശാസ്ത്രവും വന്നു. സര്‍വമതങ്ങളെയും ഒരുമിപ്പിച്ച നാടാണ് നമ്മുടേത്. അവിടെ സര്‍വ മതങ്ങളേയും തല്ലിപ്പിക്കുന്ന സ്ഥിതിവിശേഷമുണ്ടാകുന്നത് അനുവദിക്കരുത്,’ സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം, തന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സജി ചെറയാന് തിരിച്ചടിയാകാറുണ്ട്. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് നേരത്തെ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ടിവന്നിരുന്നു.
Content Highlight: Minister Saji Cheriyan says that he is afraid to speak in Kerala and whatever he says will be controversial