തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച തന്റെ ഫേസ്ബുക്ക് പോസറ്റിന് താഴെ വന്ന പരിഹാസ കമന്റിന് മറുപടി നല്‍കി മന്ത്രി സജി ചെറിയാന്‍. ഇതോടെ ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി എന്ന് ഒരാള്‍ എഴുതിയ കമന്റിനാണ് മന്ത്രി മറുപടി നല്‍കിയത്.
സിനിമാ മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നത്തിലാണ് ഇടപെട്ടതെന്നും കേരളത്തിലെ സാംസ്‌കാരിക മന്ത്രിക്ക് ഹിമാലയത്തില്‍ മഞ്ഞുരുകല്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയില്ലല്ലോ എന്നും മന്ത്രി മറുപടി നല്‍കി.
‘ഇതോടെ ഇന്ത്യയിലെ മുഴുവന്‍ പ്രശ്‌നവും തീരുകയില്ല. പക്ഷേ ഇവിടുത്തെ സിനിമാമേഖലയെയും അതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിയുന്നവരുടെയും പ്രശ്‌നമാണ് തിയേറ്ററിലെ സിനിമാ റിലീസ് പ്രതിസന്ധി. സിനിമ മേഖല ഉള്‍പ്പെടുന്ന സാംസകാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍ ഇടപെടല്‍ നടത്തേണ്ട ഉത്തരവാദിത്തം എന്നില്‍ നിക്ഷിപ്തമാണ്.
ഇതൊക്കെയല്ലാതെ ഇന്ത്യയിലെ വലിയ പ്രശ്‌നമാണെന്ന് കരുതി ഹിമാലയത്തില്‍ മഞ്ഞുരുകല്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ സാംസ്‌കാരക മന്ത്രിക്ക് പറ്റില്ലല്ലോ,’ സജി ചെറിയാന്‍ മറുപടി നല്‍കി. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ കമന്റ് ചെയ്ത വ്യക്തി അഭിപ്രായം ഡിലീറ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, ഡിസംബര്‍ 2ന് മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും സജി ചെറിയാന്‍ പറഞ്ഞു. യാതൊരു വിധത്തിലുള്ള ഉപാധികളുമില്ലാതെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനമാ സംഘടനയുടെ പ്രതിനിധികളായ ഷാജി എന്‍. കരുണ്‍, സുരേഷ് കുമാര്‍ വിജയകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ സാമ്പത്തിക പ്രശ്നങ്ങളുടെ ഭാഗമായാണ് ചിത്രം ഒ.ടി.ടിക്ക് കൈമാറുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും എന്നാല്‍ മലയാള സിനിമയുടെ നിലനില്‍പിന് വേണ്ടിയും കേരളത്തില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ച് അദ്ദേഹം ഇപ്പോള്‍ ചെയ്തിട്ടുള്ളത് വലിയൊരു വിട്ടുവീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
സിനിമയുടെ ഭാഗമായി സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ മോഹന്‍ലാലും സര്‍ക്കാരുമായി ആത്മാര്‍ത്ഥമായാണ് സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Minister Saji Cherian responded to a sarcastic comment following a Facebook post