| Wednesday, 6th July 2022, 6:01 pm

മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സജി ചെറിയാന്‍ രാജിവെച്ചത്. ബുധനാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.ഐ.എം കേന്ദ്രനേതൃത്വവും സജി ചെറിയാന്‍ രാജിവെക്കണമെന്ന നിലപാട് എടുത്തിരുന്നു.

മുഖ്യമന്ത്രിയോട് താന്‍ രാജിവെക്കുകയാണെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയാണെന്നും മാധ്യമങ്ങള്‍ തന്റെ പ്രസംഗത്തെ തെറ്റായി അവതരിപ്പിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍.

എ.കെ.ജി സെന്ററിൽ ഇന്ന് രാവിലെ ചേർന്ന സി.പി.ഐ.എം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടൻ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയിൽ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സി.പി.ഐ.എം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം.

കോടതിയിലേക്ക് കാര്യങ്ങളെത്തും വരെ കാത്തിരിക്കാം എന്ന നിലയിൽ അഭിപ്രായങ്ങൾ ആദ്യം ഉയര്‍ന്നു . രാജിപ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവിൽ വാര്‍ത്തകൾ വന്നത്. എന്നാൽ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതൽ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്.

രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല.

മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന- ഇങ്ങനെ പോകുന്നു സജി ചെറിയാന്റെ വാക്കുകള്‍. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.ഐ.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

CONTENT HIGHLIGHTS:  Minister Saji Cherian resigned after making unconstitutional remarks

We use cookies to give you the best possible experience. Learn more