| Thursday, 17th March 2022, 1:56 pm

റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് കെ. ഹേമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു; റിപ്പോര്‍ട്ട് പുറത്തുവിടില്ല: സജി ചെറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാവര്‍ത്തിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന കെ.കെ. രമ എം.എല്‍.എയുടെ സബ്മിഷന് പിന്നാലെയായിരുന്നു മന്ത്രിയുടെ മറുപടി.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ടെന്നും അതനുസരിച്ച് പൊതുരേഖയായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് കോണ്‍ഫിഡന്‍ഷ്യലായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് കെ. ഹേമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹേമ സമിതി കമ്മീഷന്‍ ഓഫ് എന്‍ക്വയറീസിന്റെ പരിധിയില്‍ വരുന്നതല്ല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ സ്വകാര്യ അനുഭവങ്ങള്‍ ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിയോട് വെളിപ്പെടുത്തിയത് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളില്‍ പ്രത്യേക പ്രാധാന്യം നല്‍കി തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. റിപ്പോര്‍ട്ടിന്‍മേല്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ പ്രതിനിധികള്‍, നിയമവകുപ്പ് സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി ഒരു യോഗം ചേര്‍ന്നിരുന്നു.

ഹേമ സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളില്‍ സ്വീകരിക്കാവുന്ന തുടര്‍ നടപടികള്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നുവെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഡബ്ല്യു.സി.സി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സിനിമ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാരസംവിധാനം വേണമെന്ന് കോടതി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടിയുറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 2018 ല്‍ നടി ആക്രമിക്കപ്പെട്ട ശേഷമാണ് ഡബ്ല്യു.സി.സി ഇത്തരത്തില്‍ ഒരു ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ആഭ്യന്തരപരിഹാര സെല്‍ ഇല്ലെന്നും മറ്റ് സംഘടനകളിലെന്ന പോലെ സിനിമ സെറ്റിലും ഇത്തരമൊരു സംവിധാനം വേണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

സമാനനിലപാടായിരുന്നു വനിതാ കമ്മീഷനും അറിയിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഹരജി അംഗീകരിച്ചുകൊണ്ടാണ് സിനിമ സെറ്റുകള്‍ ആഭ്യന്തരപരിഹാര സെല്‍ രൂപീകരിക്കണമെന്ന് വ്യക്തമാക്കിയത്. 10 ല്‍ കൂടുതല്‍ ആളുകളുള്ള എല്ലാ സിനിമാ ലൊക്കേഷനുകളിലും ഇത്തരം സെല്ലുകള്‍ രൂപീകരിക്കാനാണ് നിര്‍ദേശം. സിനിമാ സംഘടനകളിലും ആഭ്യന്തരപരിഹാര സെല്‍ വേണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.


Content Highlights: Minister Saji Cherian has said that the Hema Committee report cannot be released

We use cookies to give you the best possible experience. Learn more