| Tuesday, 21st September 2021, 11:34 am

ഏത് ജാതി മതത്തില്‍പ്പെട്ടവരെയും വിവാഹം കഴിക്കാം; തന്റെ ജാതിയില്‍പ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂയെന്ന് എവിടെയും എഴുതി വെച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുരുഷനും സ്ത്രീക്കും ഏത് ജാതി – മത സമുദായത്തില്‍പ്പെട്ടവരെയും വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്രീനാരായണ ഗുരു ദര്‍ശനവും സ്ത്രീ സമത്വവും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. സ്ത്രീകള്‍ക്ക് എതിരായി പല തരത്തിലുള്ള കടന്നാക്രമണങ്ങളും തെറ്റായ ആശയാവിഷ്‌കാരങ്ങളും നമ്മുടെ സമൂഹത്തില്‍ നടന്നുവരുന്നുണ്ട്. സ്ത്രീ സമത്വം എന്ന ആശയം തന്നെ ശ്രീനാരായണ ഗുരു മുന്നോട്ട് വെച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വര്‍ത്തമാനകാലത്ത് ഒരു ആത്മപരിശോധന നടത്തുമ്പോള്‍ വേണ്ടത്ര തുല്യത സ്ത്രീകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നമുക്ക് മനസിലാകും. സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സ്ത്രീകളുടെ സാമൂഹ്യ പദവിയെയും തുല്യതയെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് മനസിലാകും. ഇത് വളരെ ഗൗരവതരമാണ്.

എല്ലാ സമുദായങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും സ്ത്രീകള്‍ക്ക് തുല്യപദവി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

പല സമുദായങ്ങളിലും വിവാഹവും ആചാരങ്ങളും പുരുഷമേധാവിത്വത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നുണ്ട്. വിവാഹം യഥാര്‍ത്ഥത്തില്‍ ഭരണപരമായി സ്ത്രീയും പുരുഷനും തമ്മില്‍ നടക്കുന്ന ഒരു കോണ്‍ട്രാക്റ്റാണ്. അത് ദുര്‍വ്യാഖ്യാനം ചെയ്ത് അല്ലെങ്കില്‍ വേറൊരു തരത്തില്‍ ആവിഷ്‌ക്കരിക്കുകയോ ചെയ്യുന്ന സാഹചര്യമാണ് ഈ തുല്ല്യത എന്ന പദവിയിലേക്ക് എത്തുന്നതില്‍ സ്ത്രീകളെ തടയുന്നത്. അത് വളര്‍ന്ന് വളര്‍ന്ന് ഇവിടെയെത്തി.അത് വളര്‍ന്ന് വളര്‍ന്ന് ഒരോ മതത്തിന്റെയും വര്‍ഗീയ മതതീവ്രവാദ ബോധ മനസിലേക്ക് എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഏത് ജാതിയില്‍പ്പെട്ടവരെയും മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാന്‍ സത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവകാശമുണ്ടെന്നും തന്റെ ജാതിയില്‍പ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവുയെന്ന് എവിടെയും എഴുതി വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ എഴുതിവെയ്ക്കണമെന്ന് ആരേലും പറഞ്ഞാല്‍ അതൊട്ടും ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

മതതീവ്രവാദത്തെ ശക്തമായി എതിര്‍ത്തെങ്കില്‍ മാത്രമേ ഈ നാട്ടില്‍ സാമൂഹ്യമായ തുല്ല്യത, ഉറപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസപരമായ തുല്യത മാത്രമല്ല എല്ലാമേഖലകളിലുമുള്ള തുല്യത ഉറപ്പുവരുത്താന്‍ ഇത്തരം അന്ധമായ വിശ്വാസങ്ങളും അനാചാരങ്ങളും തള്ളിക്കളയേണ്ട അവസ്ഥയിലാണ് ശ്രീനാരായണ ഗുരു പറഞ്ഞ കാര്യങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Minister Saji Cherian has said that it is not written anywhere that only those to marry same cast

We use cookies to give you the best possible experience. Learn more