തിരുവനന്തപുരം: സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്ന തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. ബാങ്ക് വിളി കേട്ടില്ല എന്ന തന്റെ പരാമര്‍ശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണെന്നും വിഷയത്തിലെ തെറ്റിദ്ധാരണ മാറ്റണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
‘ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചത്.
മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ സജി ചെറിയാന്‍ പറഞ്ഞു.