| Wednesday, 11th May 2022, 5:56 pm

കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു, പക്ഷേ, എല്ലാവരും ബഹുമാനിക്കേണ്ട ഒരു ലക്ഷ്മണരേഖയുണ്ട്; രാജ്യദ്രോഹ നിയമം മരവിപ്പിച്ചതില്‍ അമര്‍ഷം പ്രകടിപ്പിച്ച് കേന്ദ്ര നിയമമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ച ഉത്തരവില്‍ സുപ്രീംകോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ലക്ഷ്മണരേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിലുള്ള ഉദ്ദേശ്യത്തെക്കുറിച്ച് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ, എല്ലാവരും ബഹുമാനിക്കേണ്ട ഒരു ലക്ഷ്മണരേഖയുണ്ട്.

കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണസഭയെയും ബഹുമാനിക്കണം. അതുപോലെ സര്‍ക്കാര്‍ കോടതിയെയും ബഹുമാനിക്കണം. ഇക്കാര്യത്തില്‍ കൃത്യമായ അതിര്‍വരമ്പുണ്ടെന്നും ആ ലക്ഷ്മണരേഖ ആരും മറികടക്കാന്‍ പാടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളെയും നിലവിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യദ്രോഹക്കേസുകളില്‍ വകുപ്പ് പുനപരിശോധിക്കുന്നത് വരെ സംസ്ഥാനങ്ങളും കേന്ദ്രവും രാജ്യദ്രോഹ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിധി പ്രസ്താവമെന്നും കോടതി വ്യക്തമാക്കി.

രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്നും ഈ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹരജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. രാജ്യദ്രോഹക്കുറ്റം പുനപരിശോധിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചരുന്നു.

Content Highlights: Minister’s “Lakshman Rekha” Remark After Supreme Court’s Sedition Order

We use cookies to give you the best possible experience. Learn more