ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ‘1945ല്‍ കണ്ടുപിടിച്ച ഒരു ശീതീകരിച്ച സംവിധാന’മാണ് യു.എന്‍ എന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.
അംഗരാജ്യങ്ങളുടെ ആശങ്കകള്‍ അഭിമുഖീകരിക്കാന്‍ യു.എന്നിന് കഴിയുന്നില്ലെന്നും വിദേശകാര്യ മന്ത്രി വിമര്‍ശിച്ചു. ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തിന്റെ പരിണിതഫലങ്ങളുടെ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഫലപ്രദമായി ഇടപെടുന്നില്ല, എന്നതായിരുന്നു ജയശങ്കര്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം.
വോയ്‌സ് ഓഫ് ദ ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ (Voice of the Global South Summit) ഒരു സെഷനിലെ വെര്‍ച്വല്‍ മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ്. ജയശങ്കര്‍.
ഉക്രൈന്‍-റഷ്യ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും തന്റെ പ്രസംഗത്തില്‍ അദ്ദേഹം സംസാരിച്ചു. ഉക്രൈന്‍-റഷ്യ വിഷയം കാരണം ഇന്ധനം, ഭക്ഷണം, വളം എന്നിവയുടെ വിലയും ലഭ്യതയും ഉയര്‍ന്നുവരുന്നത് പലര്‍ക്കും ഒരു പ്രധാന ആശങ്കയായി മാറിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സാമ്പത്തിക സ്ഥിതിയെ ഇത് കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നുമാണ് വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടത്.
ചില രാജ്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ക്ഷേമം ഒഴിവാക്കിക്കൊണ്ട് സ്വന്തം നേട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”വ്യാപാര-വാണിജ്യ സേവനങ്ങളിലും തടസമുണ്ട്. എന്നിരുന്നാലും, ആഗോള കൗണ്‍സിലുകളില്‍ ഇതിനൊന്നും ഇതുവരെ അര്‍ഹമായ ശ്രദ്ധ ലഭിച്ചിട്ടില്ല.
ഐക്യരാഷ്ട്രസഭയെ സംബന്ധിച്ചിടത്തോളം, 1945ല്‍ സ്ഥാപിതമായ ഈ ശീതീകരിച്ച സംവിധാനത്തിന്, അതിന്റെ അംഗരാജ്യങ്ങളുടെ വിശാലമായ ആശങ്കകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
ചില രാജ്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ക്ഷേമം ഒഴിവാക്കിക്കൊണ്ട് സ്വന്തം നേട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് അതിന്റേതായ പ്രത്യേക ഫോക്കസുണ്ട്. ഇതാണ് നമ്മള്‍ മാറ്റാന്‍ ശ്രമിക്കുന്നത്,” എസ്. ജയശങ്കര്‍ പറഞ്ഞു.
ജി20 നേതാക്കളുടെ ഹരിത വികസന ഉടമ്പടിയില്‍ (Green Development Pact) സമവായമുണ്ടാക്കാന്‍ പ്രസിഡന്‍സി പവറുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രി, അടുത്ത ദശാബ്ദത്തേക്ക് ലോകമെമ്പാടും ഹരിത വികസനത്തിന് ഊര്‍ജം പകരുന്ന തരത്തില്‍ ‘ശക്തമായ നടപടികളുടെ ബ്ലൂ പ്രിന്റ്’ ആയിരിക്കും അതെന്നും വ്യക്തമാക്കി.
Content Highlight: Minister S Jaishankar says United Nations is a frozen 1945- invented mechanism