|

ക്ഷേത്രപരിസരത്ത് വെച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ്; യുവതിക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ക്ഷേത്രപരിസരത്ത് വെച്ച് റീല്‍സ് വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശം. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. നേഹ മിശ്ര എന്ന യുവതിക്കെതിരെയാണ് നടപടി.

‘നേഹയുടെ വസ്ത്രധാരണവും വീഡിയോ ചിത്രീകരിച്ച രീതിയും തെറ്റായ വിധത്തിലുള്ളതാണ്. ഇത്തരം സംഭവങ്ങളെ നേരത്തെയും എതിര്‍ത്തിരുന്നു. ഇത്തരം കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നു.

മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ വീണ്ടും അത് ചെയ്തു. നേഹക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ ഛത്തര്‍പൂര്‍ പൊലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനാണ് നേഹ ക്ഷേത്ര പരിസരത്ത് വെച്ച് ഷൂട്ട് ചെയ്ത റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനെത്തുടര്‍ന്ന് നേഹയുടെ റീല്‍സ് വീഡിയോക്കെതിരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

ബജ്റങ് ദള്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് യുവതി റീല്‍സ് ഡിലീറ്റ് ചെയ്യുകയും മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിന് മാപ്പ് ചോദിച്ച് പുതിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു.

View this post on Instagram

A post shared by 💞𝄟★🦋⃟≛⃝mussu🦋★𝄟💞 (@muskanm125)

ബോളിവുഡിലെ ‘മുന്നി ബദ്നാം ഹുയി’ എന്ന ഹിറ്റ് ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു മാതാ ബമ്പര്‍ഭൈനി ക്ഷേത്ര പരിസരത്ത് യുവതി വീഡിയോ ചിത്രീകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് നേഹ മിശ്രക്കുള്ളത്.

Content Highlight: Minister’s instructions to file case against the woman for creating a reel in the temple premises