| Friday, 19th April 2019, 2:32 pm

കോഴിക്കോട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നുസ്രത്ത് ജഹാനുവേണ്ടി വോട്ടു ചോദിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല; വോട്ടു ചോദിച്ചത് മോദിയുടെ വികസന അവകാശവാദങ്ങളുയര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നുസ്രത്ത് ജഹാനുവേണ്ടി വോട്ടു ചോദിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല; വോട്ടു ചോദിച്ചത് മോദിയുടെ വികസന അവകാശവാദങ്ങളുയര്‍ത്തി

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നുസ്രത്ത് ജഹാനെ പിന്തുണയ്ക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാല. നുസ്രത്തിന്റെ പ്രചാരണത്തിനെത്തിയ അത്തേവാല കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കോഴിക്കോട് എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയുണ്ടെന്നിരിക്കെയാണ് എന്‍.ഡി.എ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടര്‍ഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അത്തേവാല നുസ്രത് ജഹാന് വോട്ടഭ്യര്‍ത്ഥിച്ചത്. ‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നരേന്ദ്രമോദി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. 30 കോടി ഗ്യാസ് കണക്ഷന്‍ വിതരണം. മുദ്രായോജന പ്രകാരം കോടിക്കണക്കിന് ആളുകള്‍ക്ക് യാതൊരു ഗ്യാരണ്ടിയുമില്ലാതെ ലോണ്‍ ലഭിച്ചു. ആവാസ് യോജന പ്രകാരം കോടിക്കണക്കിന് ആളുകള്‍ക്ക് സ്ഥിരമായി വീടു ലഭിച്ചു.’ തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിയാണ് അദ്ദേഹം വോട്ടു ചോദിച്ചത്.

എന്തുകൊണ്ടാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ നുസ്രത്തിനോ അത്തേവാലയ്‌ക്കോ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ 17 വര്‍ഷമായി തനിക്ക് പരിചയമുള്ളയാളാണ് അത്തേവാലയെന്ന് വാര്‍ത്താസമ്മേളനത്തില്‍ നുസ്രത്ത് ജഹാന്‍ പറഞ്ഞു. കിങ് ഫിഷന്‍ എയര്‍ലൈന്‍സിന്റെ സൗത്ത് ഇന്ത്യ കൊമേഴ്‌സ്യല്‍ ഹെഡായിരുന്നു താനെന്നും അതിനാല്‍ പല മന്ത്രിമാരേയും തനിക്ക് പരിചയമുണ്ടെന്നും അവര്‍ പറഞ്ഞു.

രാഷ്ട്രീയത്തിനുപരി മാനുഷിക പരിഗണന കാണിക്കുന്നവരുമായി സഹകരിക്കുകയെന്നതാണ് തന്റെ രീതിയെന്നു പറഞ്ഞാണ് എന്‍.ഡി.എ സഖ്യകക്ഷിയുടെ പിന്തുണയെ നുസ്രത്ത് ന്യായീകരിച്ചത്. തനിക്ക് രാഷ്ട്രീയമില്ല. പ്രളയകാലത്ത് നിങ്ങളൊക്കെ കണ്ടിരിക്കും ഇവിടെ ആരാണ് സഹായിച്ചത്. എത്ര രാഷ്ട്രീയക്കാര്‍ ഇറങ്ങിയെന്ന് നമുക്ക് അറിയാവുന്നതല്ലേയെന്നും അവര്‍ പറഞ്ഞു.

എന്റെ കഴിവ് കണ്ട് എം.പിയായാല്‍ എനിക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് കണ്ടായിരിക്കാം റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ തന്നെ പിന്തുണയ്ക്കുന്നത്. ജെ.ഡി.യുവും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more