വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണ്; അസമയം ഏതാണെന്ന് കോടതി നിശ്ചയിച്ചിട്ടില്ല; അപ്പീല്‍ നല്‍കുമെന്ന് മന്ത്രി രാധാകൃഷ്ണന്‍
തിരുവനന്തപുരം: ആരാധനലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. രാത്രികാലങ്ങളിലെ വെടിക്കെട്ട് നിര്‍ത്താനല്ല കോടതി ആവശ്യപ്പെട്ടതെന്നും അസമയം ഏതാണെന്ന് നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപകട രഹിതവും സുരക്ഷിതവുമായ വെടിക്കെട്ട് നടത്തുന്ന സംസ്‌കാരത്തിലേക്ക് നമ്മള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഉത്സവം തുടങ്ങിക്കഴിഞ്ഞാല്‍ ഏതാണ് സമയവും അസമയവുമെന്നത് നിശ്ചയിച്ചിട്ടില്ല. കോടതിയും അത് പറഞ്ഞിട്ടില്ല. വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണ്. തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ലെങ്കില്‍ അവിടെ യാതൊരു പ്രസക്തിയുമില്ല.
ക്ഷേത്രങ്ങളില്‍ മാത്രമല്ല, പള്ളി പെരുന്നാളുകള്‍ക്കും നേര്‍ച്ചകള്‍ക്കും വെടിക്കെട്ടുണ്ട്. അതിനോട് സമൂഹത്തിന് വലിയ താല്‍പര്യവുമാണ്. ഒരു ഘട്ടത്തില്‍ വെടിക്കെട്ട് നിര്‍ത്തലാക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പുനസ്ഥാപിച്ചത്.
അത് വീണ്ടും ഇല്ലാതാക്കാനുള്ള നിലപാടിലേക്ക് പോകേണ്ടി വന്നാല്‍ നിയമപരമായി അപ്പീല്‍ നല്‍കി നേരിടാനുള്ള ശ്രമം നടത്തുന്നുണ്ട്. സര്‍ക്കാരിന് പുറമെ വിവിധ ക്ഷേത്ര കമ്മിറ്റികളും ട്രസ്റ്റുകളും ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ആരാധനലായങ്ങളില്‍ അസമയത്ത് നടത്തുന്ന വെടിക്കെട്ട് നിരോധിക്കണമെന്നതാണ് ഹൈക്കോടതി ഉത്തരവ്. ദൈവത്തെ പ്രീതിപ്പെടുത്താന്‍ വെടിക്കെട്ട് നടത്തണമെന്ന് വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നില്ലെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. വെടിക്കെട്ട് നടത്തുന്നതിലൂടെ ശബ്ദ, പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുമെന്ന് പറഞ്ഞ കോടതി ആരാധനാലയങ്ങളില്‍ നിയമ വിരുദ്ധമായി സൂക്ഷിച്ച വെടിമരുന്ന് പിടിച്ചെടുക്കാനും നിര്‍ദേശിച്ചു.
Content Highlights: Minister Radhakrishnan will file an appeal against the High Court’s order not to set off firecrackers at untimely times