അമല്‍ ജ്യോതി കോളേജിലെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; ചീഫ് വാര്‍ഡനെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു; കൗണ്‍സിലിങ് സിസ്റ്റം ശക്തിപ്പെടുത്തും: മന്ത്രി ആര്‍. ബിന്ദു
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. പൊലീസ് സുപ്രണ്ടിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക.
സംഭവത്തില്‍ ബന്ധപ്പെട്ടവരെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ ഇപ്പോള്‍ കേസെടുക്കാനാകില്ലെന്ന് മന്ത്രി അറിയിച്ചു. ‘അതേസമയം കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാന്‍ കോളേജും പൊലീസും ബാധ്യസ്ഥരാണ്.
ചീഫ് വാര്‍ഡനായ മായ സിസ്റ്ററെ തല്‍ക്കാലം മാറ്റിനിര്‍ത്തി മറ്റൊരാള്‍ക്ക് ചുമതല നല്‍കണമെന്ന കുട്ടികളുടെ ആവശ്യം മാനേജ്‌മെന്റ് മേലധികാരികളുമായി സംസാരിച്ചിട്ട് വേണ്ട നടപടികള്‍ സ്വീകരിക്കാം എന്നാണ് ചര്‍ച്ചയില്‍ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. ഈ സിസ്റ്റര്‍ മറ്റൊരു സംവിധാനത്തില്‍ നിന്ന് വരുന്നതിനാല്‍ ബിഷപ്പുമായി സംസാരിക്കേണ്ടതുണ്ട്,’ മന്ത്രി പറഞ്ഞു.
കോളേജിലെ കൗണ്‍സിലിങ് സിസ്റ്റം ശക്തിപ്പെടുത്തുകയും കുട്ടികള്‍ക്ക് പ്രവേശനമുള്ളതുമാക്കി മാറ്റണമെന്ന് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. സ്റ്റുഡന്റ്‌സ് ഗ്രീവന്‍സ് റിഡ്രസല്‍ സെല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിലവിലുണ്ടെങ്കിലും മുമ്പത്തേതിലും കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമായി നടപ്പാക്കണമെന്ന് ശക്തമായി തന്നെ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരുവിധ അച്ചടക്ക, പ്രതികാര നടപടികളും സ്വീകരിക്കരുതെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വി.എന്‍ വാസവനും ഇന്നത്തെ മാനേജ്‌മെന്റുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
സര്‍ക്കാര്‍ ഇടപെടലില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ മരണത്തെ തുടര്‍ന്ന് അമല്‍ജ്യോതി കോളേജില്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കോളേജ് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതരും അറിയിച്ചു.
അതേസമയം, നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് അമല്‍ജ്യോതി കോളേജില്‍ മരിച്ച ശ്രദ്ധയുടെ കുടുംബം പ്രതികരിച്ചു. ഇതുവരെ പൊലീസ് അന്വേഷണം മാനേജ്‌മെന്റിന് അനുകൂലമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എങ്കിലും നീതി പ്രതീക്ഷിക്കുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോളേജിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്നില്‍ ചില തത്പരകക്ഷികളുടെ അജണ്ടയാണെന്ന് കാഞ്ഞിരപ്പള്ളി അതിരൂപത ഇന്നലെ പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും വികാരി ജനറല്‍ പറഞ്ഞു.
Contnet Highlights: minister R Bindu explains the meeting decision took today in Amal jyothi college