'പലരും കാഴ്ചക്കാരായി നിന്നിടത്ത് പ്രാണനു വേണ്ടി യാചിച്ചയാളെ കണ്ടില്ലെന്നു നടിച്ചു പോകാന്‍ അവര്‍ തയാറായില്ല'; വനിതാ പൊലീസുകാരിയെ അഭിനന്ദിച്ച് മന്ത്രിയുടെ കുറിപ്പ്
keralanews
'പലരും കാഴ്ചക്കാരായി നിന്നിടത്ത് പ്രാണനു വേണ്ടി യാചിച്ചയാളെ കണ്ടില്ലെന്നു നടിച്ചു പോകാന്‍ അവര്‍ തയാറായില്ല'; വനിതാ പൊലീസുകാരിയെ അഭിനന്ദിച്ച് മന്ത്രിയുടെ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th February 2023, 10:48 pm

തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട് ജീവന് വേണ്ടി പിടഞ്ഞ യുവാവിനെ രക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങിയ കൊടുമണ്‍ സ്റ്റേഷനിലെ സി.പി.ഒ പ്രിയ ലക്ഷ്മിയെ അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. കഴിഞ്ഞ ദിവസം രാത്രി പ്രിയലക്ഷ്മി സഹായത്തിനായി കൈ വീശിയത് മന്ത്രി റോഷി അഗ്‌സറ്റിന്റെ വാഹനത്തിന് മുന്നിലായിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രി പ്രിയലക്ഷ്മിയെ അഭിനന്ദിച്ച് എത്തിയത്.

തിരുവനന്തപുരത്തേക്ക് വരുന്ന വഴി രാത്രി ഒമ്പത് മണിയോടെ അടൂര്‍ തട്ട പത്തനംതിട്ട റോഡില്‍ പോത്രാടിനു സമീപത്തുവെച്ചായിരുന്നു സംഭവം നടന്നത്. പൈലറ്റ് വാഹനത്തിനു മുന്നിലേക്ക് ഒരു യുവതി ഇരുകൈകളും വീശി വന്നുവെന്നും ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ടു കിടക്കാന്‍ തുടങ്ങിയിട്ട് 10 മിനിറ്റോളം ആയെന്നും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അപകടത്തില്‍പ്പെട്ട യുവാവിനെ പൈലറ്റ് വാഹനത്തിലെ പൊലീസുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനു ശേഷം മന്ത്രി രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പൊലീസുകാരിയോട് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. അതുവഴി വന്ന വാഹനങ്ങള്‍ക്ക് കൈനീട്ടിയെങ്കിലും ആരും വാഹനം നിര്‍ത്തിയില്ലെന്ന് പ്രിയലക്ഷ്മി പറഞ്ഞു. കണ്‍മുന്നില്‍ ഒരാള്‍ പ്രാണനു വേണ്ടി യാചിക്കുമ്പോള്‍ അതു കണ്ടില്ലെന്നു നടിച്ചു പോകാന്‍ അവര്‍ തയാറായില്ല. പ്രിയലക്ഷ്മിയോട് ഏറെ ബഹുമാനം തോന്നിയെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. യുവാവിനെ ഇടിച്ചു വീഴ്ത്തിയ വാഹനം കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘തിരുവനന്തപുരത്തേക്ക് വരും വഴി രാത്രി 9 മണിയോടെ അടൂര്‍ തട്ട പത്തനംതിട്ട റോഡില്‍ പോത്രാടിനു സമീപം എത്തിയപ്പോള്‍ പൈലറ്റ് വാഹനത്തിനു മുന്നിലേക്ക് ഒരു യുവതി ഇരുകൈകളും വീശി വന്നു. വണ്ടികള്‍ നിര്‍ത്തിയ ഉടന്‍ അവര്‍ പരിഭ്രമിച്ച് ഓടിയെത്തി. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ടു കിടക്കാന്‍ തുടങ്ങിയിട്ട് പത്തു മിനിറ്റോളം ആയെന്നും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

ബൈക്കപകടകത്തില്‍പ്പെട്ട ആളുകള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ എന്നാണ് അവരുടെ പരിഭ്രമം കണ്ടപ്പോള്‍ കരുതിയത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പൈലറ്റ് വാഹനത്തിലെ പൊലീസുകാരെ ചുമതലപ്പെടുത്തി. അവര്‍ ഉടന്‍ തന്നെ അടൂര്‍ ഗവ. ആശുപത്രില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പിന്നീടാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ സ്ത്രീയോടു സംസാരിക്കുന്നത്. കൊടുമണ്‍ സ്റ്റേഷനിലെ സി.പി.ഒ പ്രിയലക്ഷ്മിയാണ് അപകടത്തില്‍പ്പെട്ട ആളെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്. അടൂര്‍ പോത്രാട് സ്വദേശിനി. ഭര്‍ത്താവ് റാന്നി കെ.എസ്.എഫ്.ഇ ജീവനക്കാരനാണ്.
പലരും കാഴ്ചക്കാരായി നിന്നപ്പോള്‍ പ്രിയലക്ഷ്മി അതുവഴി വന്ന വാഹനങ്ങള്‍ക്ക് കൈനീട്ടുകയായിരുന്നു. പലരും നിര്‍ത്താന്‍ പോലും തയാറായില്ലെന്ന് വേദനയോടു കൂടിയാണ് അവര്‍ പറഞ്ഞത്. കണ്‍മുന്നില്‍ ഒരാള്‍ പ്രാണനു വേണ്ടി യാചിക്കുമ്പോള്‍ അതു കണ്ടില്ലെന്നു നടിച്ചു പോകാന്‍ അവര്‍ തയാറായില്ല. പ്രിയലക്ഷ്മിയോട് ഏറെ ബഹുമാനം തോന്നി.

യുവാവിനെ ഇടിച്ചു വീഴ്ത്തിയ വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. തങ്ങളും കേസില്‍ ഉള്‍പ്പെടും എന്നു ഭയന്നാകും പിന്നാലെ എത്തിയ പലരും അപകടത്തില്‍പ്പെട്ടയാളെ തിരിഞ്ഞു പോലും നോക്കാതെ കടന്നു പോയത്. ഈ മനോഭാവം മാറേണ്ടതാണ്. ഏഴു മിനിറ്റോളം യുവാവ് വഴിയില്‍ കിടന്നു എന്നാണ് പ്രിയലക്ഷ്മി പറഞ്ഞത്. ആ സമയം കൊണ്ട് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ആ യുവാവിന്റെ ജീവന്‍ രക്ഷപ്പെടുമായിരുന്നു. ഒരു കുടുംബത്തിന്റെ ആശ്രയം അറ്റുപോകില്ലായിരുന്നു.

രണ്ടാഴ്ച മുന്‍പ് മണ്ഡലത്തിലേക്ക് പോകും വഴി തിരുവനന്തപുരത്ത് യുവതി അപകടത്തില്‍ പെട്ടതിനും സാക്ഷിയായി. റോഡുകള്‍ കുരുതിക്കളം ആകാതിരിക്കാന്‍ നമ്മുക്കും അല്‍പം ജാഗ്രത പുലര്‍ത്താം. അപകടത്തില്‍പ്പെട്ടയാളെ കണ്ടിട്ട് മുഖം തിരിച്ചു പോകാതിരിക്കാന്‍ നമ്മുക്ക് ശീലിക്കാം,” മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

content highlight: minister praised Woman Stopped the Minister s Pilot Vehicle to Save a Person