| Thursday, 11th May 2023, 7:14 pm

ചില കുബുദ്ധികള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളെ വക്രീകരിച്ച് പ്രചരിപ്പിച്ചു; വീണ ജോര്‍ജ് എന്ത് തെറ്റായ പ്രസ്താവനയാണ് ഇറക്കിയത്: മന്ത്രി റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ കുപ്രചരണത്തിന് പിന്നില്‍ വക്രബുദ്ധികളാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊച്ചി വൈപ്പിനിലെ റോഡ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘ഡോ. വന്ദനാ ദാസ് നമ്മുടെ മുമ്പില്‍ ഒരു ദുഖമായി നില്‍ക്കുകയാണ്. വല്ലാത്ത പ്രയാസമാണ് ആ സംഭവം ഉണ്ടാക്കിയിട്ടുള്ളത്. വന്ദനയുടെ വിവരം മന്ത്രിയെ വിളിച്ച് സംസാരിച്ചപ്പോള്‍ മന്ത്രി കരയുകയായിരുന്നു എന്നാണ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ ഭാരവാഹി പറയുന്നത്.

വളരെ വ്യാപകമായി മന്ത്രിക്കെതിരെ കുപ്രചരണം നടന്നു. എന്ത് മാനസിക സുഖമാണ് ഇതുകൊണ്ട് കിട്ടുന്നത്? വീണാ ജോര്‍ജ് എന്ത് തെറ്റായ പ്രസ്താവനയാണ് ഇറക്കിയിട്ടുള്ളത്?

മന്ത്രി ഒരിക്കലും അങ്ങനെ തെറ്റായ കാര്യം പറയില്ലെന്ന് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ ഭാരവാഹി തന്നെ ചാനലുകളില്‍ വന്ന് പറയുകയുണ്ടായി. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനായി എല്ലാ നിലയിലും ഇടപെട്ട് ആരോഗ്യവകുപ്പിനെ നയിക്കുന്ന മന്ത്രി വീണാ ജോര്‍ജിനെതിരെ ഇങ്ങനെയുള്ള ഒരു ഘട്ടത്തില്‍ ഇത്തരത്തിലൊരു പ്രചരണം നടത്തുന്നത് ശരിയായ രീതിയാണോ?

മാധ്യമ പ്രവര്‍ത്തനം എന്നാല്‍ നീതിക്ക് വേണ്ടി പോരാടാനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ബാധ്യതയുള്ളവരാണ്. എന്നാല്‍ ചില കുബുദ്ധികള്‍ ഉദ്ദേശിക്കാത്ത ചില കാര്യങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് എന്ത് മാനസിക സുഖം ലഭിക്കാന്‍ വേണ്ടിയിട്ടാണ്. ഇത് സമൂഹം ചര്‍ച്ച ചെയ്യണം’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ അരുംകൊലയേയും മന്ത്രി ശക്തമായ ഭാഷയില്‍ അപലപിച്ചു. ‘സംഭവം ദുഃഖകരമാണ്. പറയാന്‍ വാക്കുകളില്ല. എല്ലാവരും ഒരുമിച്ച് നിന്നാണ് അതിനെ നേരിടേണ്ടത്. ലഹരിക്ക് അടിമയായ, മനുഷ്യനെന്ന് വിശേഷിപ്പിക്കാന്‍ പറ്റാത്ത ഒരാളുടെ നിലയാണ് ഇന്നലെ കണ്ടത്.

ലഹരിക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുന്ന കാലമാണ് ഇത്. സര്‍ക്കാര്‍ അതിന് നേതൃത്വം കൊടുത്തു. നമ്മുടെയെല്ലാം വീടുകളിലുള്ളവര്‍ ലഹരിക്ക് അടിമയായാല്‍ അമ്മയെ തിരിച്ചറിയില്ല, അച്ഛനെ തിരിച്ചറിയില്ല, സഹജീവിയെ തിരിച്ചറിയില്ല. ഇന്നലെ നമ്മളത് കണ്ടു.

എല്ലാവരും ഒരുമിച്ച് നിന്നാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇടപെടേണ്ടത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവരും ജനങ്ങളും ഒന്നിച്ച് നില്‍ക്കണം. ഇന്നലെ രാത്രി നമുക്കാര്‍ക്കും ഉറക്കം കിട്ടിയിട്ടില്ല. നമ്മുടെയൊക്കെ ആരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാ പ്രയാസവും അനുഭവിച്ച് ഇടപെടുന്നവരാണ് ഡോക്ടര്‍മാര്‍.

കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എടുത്തിട്ടുള്ള നിലപാട് നമ്മുടെ മുമ്പിലുണ്ട്. സ്വന്തം ജീവന്‍ പോയാലും നാടിനെ സംരക്ഷിക്കണം എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് അവര്‍ മുന്നോട്ട് വന്നു. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണ്,’ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

CONTENT HIGHLIHTS: Minister PA Muhammed Riyas supports Minister Veena George

We use cookies to give you the best possible experience. Learn more