കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പും ഒളിച്ചോട്ടവും കാരണമാണ് അവരെ സി.പി.ഐ.എം സെമിനാറിലേക്ക് ക്ഷണിക്കാത്തതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആദ്യ രണ്ടാഴ്ചയോളം മിണ്ടാതിരുന്ന കോണ്‍ഗ്രസ് നിലപാട് ബി.ജെ.പിക്ക് ചൂട്ടുകെട്ടി കൊടുക്കുന്നതിന് തുല്യമായ സമീപനമാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ദേശീയ സെമിനാര്‍ വേദിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ഒഴിവാക്കുകയെന്നതല്ല, രാജ്യം നേരിടുന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുകയെന്നതാണ് സി.പി.ഐ.എം നിലപാടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
‘കോണ്‍ഗ്രസിനെ ഈ സെമിനാറിലേക്ക് ക്ഷണിക്കാന്‍ തോന്നാത്തതിന് കാരണം അവരുടെ നേതൃത്വത്തിന്റെ ഇരട്ടത്താപ്പും ഒളിച്ചോട്ടവുമാണ്. കെ.പി.സി.സി പ്രസിഡന്റ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വരട്ടെയെന്ന് ഒരാഴ്ച കാത്തിരുന്നില്ലേ. എന്തിനും മിണ്ടുന്ന പ്രതിപക്ഷ നേതാവ് എടുത്ത നിലപാടും നമ്മള്‍ കണ്ടതല്ലേ.
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ വിക്രമാദിത്യ സിങ് ഏക സിവില്‍കോഡ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഉത്തരാഖണ്ഡില്‍ ബി.ജെ.പി സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് പറഞ്ഞപ്പോള്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയിട്ടില്ല.
കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ മൗനവ്രതത്തിലാണോ? ആദ്യ രണ്ട് ആഴ്ചയോളം മിണ്ടാതിരുന്ന കോണ്‍ഗ്രസ് നിലപാട് ബി.ജെ.പിക്ക് ചൂട്ടുകെട്ടി കൊടുക്കുന്നതിന് തുല്യമായ സമീപനമാണ്.
ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന് സൂചന നല്‍കിയ പ്രധാനനമന്ത്രിയുടെ ഭോപ്പാല്‍ പ്രസംഗത്തിനെതിരെ രാജ്യവ്യാപകമായി ആയിരക്കണത്തിന് സെമിനാറുകള്‍ നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സിവില്‍ കോഡിനെതിരായ രാഷ്ട്രീയമായ പ്രതിരോധം രാജ്യത്ത് ശക്തിപ്പെടുമെന്നതില്‍ സംശയമില്ല.
ഇന്ത്യയിലെ വൈവിധ്യങ്ങള്‍ നിലനില്‍ക്കണമെന്ന ജനവിഭാഗങ്ങളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമായി വമ്പിച്ച പിന്തുണയാണ് സി.പി.ഐ.എം സെമിനാറിന് ഉണ്ടാകുന്നത്,’ മന്ത്രി റിയാസ് പറഞ്ഞു.