| Friday, 20th September 2024, 10:17 am

നേരില്ലാതെ നിര്‍ഭയവും നിരന്തരവുമുണ്ടായിട്ട് കാര്യമില്ല, നേര് ഉറപ്പാക്കണം; ഏഷ്യാനെറ്റ് ന്യൂസ് വേദിയില്‍ വിമര്‍ശനവുമായി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിമര്‍ശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ 30ാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വെച്ച് തന്നെയാണ് മന്ത്രി വിമര്‍ശനമുന്നയിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ നേരോടെ, നിര്‍ഭയം, നിരന്തരം എന്ന ക്യാപ്ഷനില്‍ ആദ്യത്തെ നേര് എന്ന ആശയമില്ലാതെ നിര്‍ഭയവും നിരന്തരവും മാത്രമുണ്ടായാല്‍ കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

നേര് ഉറപ്പാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിടുന്നവരാണ് തങ്ങളെന്നും വിമര്‍ശനത്തില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കുമെന്നതിനാലല്ല ഈ പരിപാടിയില്‍ പങ്കെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുള്ളതുപോലെ മാധ്യമങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം സര്‍ക്കാറിനും സാധാരണ പൗരന്‍മാര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ സര്‍ക്കാറുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അക്രമത്തിനിരയാകുകയോ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി നേരിടേണ്ടി വരികയോ ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

‘ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നാണ് മാധ്യമ രംഗത്തെ വിശേഷിപ്പിക്കുന്നത്. സത്യങ്ങളും വിവരങ്ങളും ജനങ്ങളെ അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്വം. അതിനെ പ്രോത്സാഹിപ്പിക്കുന്നവരുള്ള നാടാണ് കേരളം. ഒരു ജനാധിപത്യ സമൂഹത്തില്‍ സ്വാഭാവികമായും സര്‍ക്കാറുകളുടെ തെറ്റിനെ ചൂണ്ടിക്കാണിക്കുക എന്ന ഉത്തരവാദിത്വവും മാധ്യമങ്ങള്‍ക്കുണ്ട്.

സര്‍ക്കാര്‍ ഇടപെടേണ്ട മേഖലകളെ ക്രിയാത്മക നിര്‍ദേശങ്ങളിലൂടെ അറിയിക്കേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങള്‍ക്കുണ്ട്. സര്‍ക്കാറിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും മാധ്യമങ്ങള്‍ക്കുണ്ട്. അത് എറ്റവും നല്ല രീതിയില്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ മറ്റും സംസ്ഥാനങ്ങളില്‍ സര്‍ക്കാറുകളെ വിമര്‍ശിക്കുമ്പോഴുണ്ടാകുന്ന സാഹചര്യം കേരളത്തിലില്ല.

മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ കൊല്ലപ്പെടുകയോ, ആക്രമിപ്പെടുകയോ ചെയ്യുന്നില്ല. സര്‍ക്കാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ ഒരു മാധ്യമസ്ഥാപനവും അടച്ചുപൂട്ടേണ്ടി വന്നിട്ടില്ല. അതാണ് കേരളത്തിന്റെ പ്രത്യേകത. എന്നാല്‍ ചിലതെല്ലാം അതിര് കടക്കുന്നുണ്ടോ എന്ന ചര്‍ച്ചയും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് സര്‍ക്കാറിനെ വിമര്‍ശിക്കാനുള്ള അവകാശം പോലെ തന്നെ മാധ്യമങ്ങളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാറിനും ഈ നാട്ടിലെ എല്ലാ പൗരന്‍മാര്‍ക്കുമുണ്ട്.

ഏഷ്യാനെറ്റിനോടുള്ള വിമര്‍ശനം പൂര്‍ണമായും ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെയുള്ളൊരു വേദിയല്ല ഇത്. വിമര്‍ശനത്തില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കുമെന്ന് കരുതിയിട്ടല്ല ഞാന്‍ ഈ പരിപാടിയില്‍ വന്നിട്ടുള്ളത്. വിമര്‍ശങ്ങളെ പുഞ്ചിരിയോടെ നേരിടുന്നവരാണ് ഞങ്ങള്‍. ജനങ്ങളാണ് അതിനുള്ള കരുത്ത്.

നേരോടെ, നിര്‍ഭയം, നിരന്തരം എന്ന് പറയുമ്പോള്‍ ഒന്നാമത്തെ ആശയത്തിന് പാളിച്ച പറ്റിയാല്‍ രണ്ടും മൂന്നും ഉള്ളത് കൊണ്ട് മാത്രം കാര്യം നടക്കില്ല. ഒന്നാമത്തെ ആശയമായ നേര് നടപ്പാക്കാന്‍ ഏഷ്യാനെറ്റ് തയ്യാറാകണം. കണ്ണാടിയില്‍ ഇടക്കിടക്ക് നോക്കിക്കൊണ്ട് നേരോടെയാണോ നിര്‍ഭയവും നിരന്തരവും മുന്നോട്ട് പോകുന്നത് എന്ന് പരിശോധിക്കണം,’ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

content highlights: Minister PA Muhammed Riyas criticize Asianet News on their platform

We use cookies to give you the best possible experience. Learn more