| Sunday, 27th March 2022, 6:20 pm

ഒമ്പത് മണിക്ക് നല്‍കിയ പരാതിയില്‍ പത്ത് മണിക്ക് പരിഹാരം; ഞെട്ടിച്ച് മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റോഡുപണിയുമായി ബന്ധപ്പെട്ട പരാതിയില്‍ ദ്രുതഗതിയില്‍ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാവിലെ ഒമ്പത് മണിക്ക് നല്‍കിയ പരാതി അന്വേഷിച്ച് പത്ത് മണിക്കകം തന്നെ പരിഹാരത്തിനുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കുകയാണ് മന്ത്രി ചെയ്തത്.

കോഴിക്കോട് കാരശ്ശേരിയില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഓട പണിയുകയും ഇതിന്റെ ഭാഗമായി വീട്ടിലേക്കുള്ള വഴി ഇല്ലാതാവുകയും ചെയ്തതോടെയാണ് മന്ത്രിക്ക് പരാതി നല്‍കിയത്.

ഒരു ദിവസം കൊണ്ട് തീര്‍ക്കാം എന്നുപറഞ്ഞാണ് കരാറുകാരന്‍ പണി ആരംഭിച്ചതെന്നും എന്നാല്‍ ഒരാഴ്ചയായിട്ടും പണി പൂര്‍തത്തിയാവാത്ത സാഹചര്യത്തിലാണ് അനസ് ദിച്ചു മന്ത്രിയ്ക്ക് ഫേസ്ബുക്കിലൂടെ പരാതി അയക്കുന്നത്.

രാവിലെ ഒമ്പത് മണിയോടെ പരാതി അയച്ചതിന് പിന്നാലെ പത്ത് മണിക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിയെത്തിയെന്നും പരാതിക്കാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇതിന് പിന്നാലെ കരാറുകാന്‍ എത്തി പണി വീണ്ടും തുടങ്ങുകായിരുന്നുവെന്നും, മന്ത്രിയുടെ ഓഫീസില്‍ നിന്ന് രണ്ടും മൂന്നും തവണ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തതായും അനസ് പറഞ്ഞു.

മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ മാതൃകാപരമാണെന്നും അനസ് കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങള്‍ക്ക് നേരിട്ട് തന്നെ മന്ത്രിയുമായി ആശയവിനിമയം നടത്തുവാനും പരാതികള്‍ ബോധിപ്പിക്കാനുമുള്ള തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രിയായതിന് പിന്നാലെ റിയാസ് ചെയ്തിരുന്നു.

റിംഗ് റോഡ് എന്ന പരിപാടിയടക്കം നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിരുന്നു. മന്ത്രിയോട് ജനങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്ന പരിപാടിയാണ് റിംഗ് റോഡ്.

ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ആ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുകയുമാണ് പരിപാടിയിലൂടെ ചെയ്യുന്നത്. നിരവധി പരാതികള്‍ക്ക് അതിവേഗത്തില്‍ പരിഹാരം കാണാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

Content Highlight: Minister PA Muhammad Riyaz took immediate action on the complaint

Latest Stories

We use cookies to give you the best possible experience. Learn more