കോഴിക്കോട്: ന്നാ താന്‍ കേസ് കൊട് സിനിമാ പരസ്യ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും, വിമര്‍ശനങ്ങളെ ക്രിയാത്മകമായി കാണുന്നുവെന്നും റിയാസ് പറഞ്ഞു.
വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഏത് നിലയില്‍ വന്നാലും സ്വീകരിക്കും, അത് പോസിറ്റീവായി എടുക്കും. കേരളം ഉണ്ടായത് മുതലുള്ള പ്രശ്‌നമാണ് ഇത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നത് നാടിന്റെ ആവശ്യമാണ്, അത് തന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, നര്‍മബോധത്തോടെ എടുക്കേണ്ട ഒരു പരസ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പ്രതികരിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് സിനിമയെ വിമര്‍ശിക്കുന്നത്. മാധ്യമപ്രവര്‍ത്തകരാണെങ്കിലും, രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും ആരാണെങ്കിലും വിമര്‍ശിച്ചാല്‍ കഥ കഴിക്കും. അതിന് ഒരു പരിധിയില്ല, അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഒരു സിനിമക്കെതിരെ നടക്കുന്നത്. ആ സിനിമ കാണരുത് എന്ന പ്രചരണത്തിലേക്ക് പോയാല്‍ കൂടുതല്‍ പേര്‍ ആ സിനിമ കാണുമെന്നും സതീശന്‍ പറഞ്ഞു.
റോഡിലെ കുഴികള്‍ കേരളത്തിലെ മാധ്യമങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്തു. ഹൈക്കോടതി ഒരു ഡസനോളം പ്രാവശ്യം അഭിപ്രായപ്രകടനം നടത്തി. പക്ഷെ പ്രതിപക്ഷം മിണ്ടരുത്. പ്രതിപക്ഷത്തിന് അത് പറയാന്‍ അവകാശമില്ല. ദേശാഭിമാനി പത്രത്തിന്റെ മുന്‍പേജിലുണ്ട് സിനിമാ പരസ്യമെന്നും സതീശന്‍ പരിഹസിച്ചു.
കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്ഷനാണ് വിവാദത്തിലായത്. വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.